മുക്കം: കേരള സർക്കാർ പുരസ്കാരം നേടിയ കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതിയെ കാരശേരി സഹകരണ ബാങ്കും, മുക്കം പൗരാവലിയും ആദരിച്ചു.
2021- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക ഘടക പദ്ധതിയായ എസ്സി ഫണ്ട് നൂറ് ശതമാനം വിനിയോഗിച്ചാണ് കൊടിയത്തൂർ പഞ്ചായത്ത് സംസ്ഥാന തല പുരസ്കാരം നേടിയത്.
സംസ്ഥാനത്ത് ഫണ്ട് പൂർണ്ണമായി വിനിയോഗിച്ചത് 289 പഞ്ചായത്തുകളും തിരുവമ്പാടി നിയോജക മണ്ഡലത്തിൽ രണ്ട് പഞ്ചായത്തുകളും മാത്രമാണ്. മുഴുവൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാൻ സാധിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ആദരവ് ചടങ്ങിൽ പറഞ്ഞു.
പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ കോളനി നവീകരണം, ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ പൂർത്തികരണം, വീട് റിപ്പയറിംഗ്, പദ്ധതിയിലുൾപ്പെടുത്തിയ റോഡുകളുടെ പൂർത്തീകരണം തുടങ്ങിയവയാണ് പഞ്ചായത്ത് നേതൃത്വത്തിൽ എസ്സി പ്രൊജക്റ്റ് വിഭാഗത്തിൽ മാത്രം നടപ്പാക്കിയ പദ്ധതികൾ.
കാരശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. ഉപഹാര സമർപ്പണവും എൻ.കെ അബ്ദുറഹിമാൻ നിർവഹിച്ചു.
ബാങ്ക് ഡയറക്ടർമാരും ജീവനക്കാരും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും ആദരിച്ചു.മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, റോട്ടറി ക്ലബ് ഡിസ്ട്രിക് അസി. ഗവർണർ അനിൽ കുമാർ, എ.പി. മുരളിധരൻ, ഗസീബ് ചാലൂളി, റീന പ്രകാശ്, നടുക്കണ്ടി അബൂബക്കർ, എം.പി അസൈൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, അംഗങ്ങളായ മറിയം കുട്ടി ഹസ്സൻ, രതീഷ് കളക്കുടിക്കുന്ന്, ടി.കെ. അബൂബക്കർ, ഫാത്തിമ നാസർ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ എന്നിവർ മറുപടി പ്രസംഗം നടത്തി.