കാറ്റിലും മഴയിലും ചോറോട് പരക്കെ നാശം
1339127
Friday, September 29, 2023 1:02 AM IST
വടകര: കാറ്റും മഴയും ചോറോട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വൈക്കിലശേരി തെരുവില്‍ നാശം വിതച്ചു. വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നാശം നേരിട്ടു.
എരോത്ത് കണ്ടിയില്‍ ചന്ദ്രന്റെ വീടിന് മുകളില്‍ മരം വീണ് നാശമുണ്ടായി. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.
മഠത്തില്‍ മധുവിന്റെ വീട്ടിലെ പ്ലാവ് മുറിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാത്രിയാണ് കനത്ത മഴയും കാറ്റുമുണ്ടായത്. വീശിയടിച്ച കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകിയത്. രാമത്ത് ഷാജിയുടെ വീടിന് മുകളില്‍ തേക്ക് കടപുഴകി വീണു.
വീട്ടുപറമ്പിലും വലിയ തേക്കുമരം വീണു. പുതിയോട്ടില്‍ സുനില്‍കുമാറിന്റെ വീട്ടിലെ തെങ്ങുകള്‍, കവുങ്ങ് ഉള്‍പെടെ നിലംപൊത്തി. ഇലക്ട്രിക് ലൈനില്‍ മരം വീണത് അപകടസാധ്യത ഉണര്‍ത്തിയെങ്കിലും ഉടന്‍ കെഎസ്ഇബി അധികൃതരെത്തി ലൈന്‍ ഓഫ് ചെയ്തു.