എന്ന് നന്നാക്കും? കാലംപാറ തൂക്കുപാലം തകർന്നിട്ട് നാല് വർഷം
1339830
Monday, October 2, 2023 12:26 AM IST
കോടഞ്ചേരി: കാലംപാറ തൂക്കുപാലം തകർന്നിട്ട് നാലുവർഷം പൂർത്തിയാകുന്നു. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് അന്നത്തെ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. കുര്യൻ കെ.എം. മാണി മന്ത്രി ആയിരിക്കുമ്പോൾ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അനുവദിച്ച് നിർമിച്ച തൂക്കുപാലം 2019 ൽ ഉണ്ടായ ശക്തമായ പ്രളയത്തെ തുടർന്ന് കനത്ത മലവെള്ളപ്പാച്ചിലിൽ പ്ലാറ്റ്ഫോം പാളികൾ തകരുകയായിരുന്നു.
ലക്ഷങ്ങൾ മുടക്കി നിർമിച്ച പാലത്തിന്റെ പ്ലാറ്റ്ഫോം പാളികൾ ക്രമീകരിച്ച് ഇരുമ്പ് വടം കെട്ടിയാൽ സഞ്ചാരയോഗ്യമാക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.2012 ൽ ആനക്കാംപൊയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഈ പാലത്തിലൂടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്.
മുണ്ടൂർ ഭാഗത്തുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ആനക്കാംപൊയിലില്ലേക്കും, പുല്ലൂരാംപാറ, തിരുവമ്പാടി എന്നീ പ്രദേശങ്ങളിലേക്കും എത്തിച്ചേരാനുള്ള എളുപ്പ മാർഗമാണ് ഈ പാലം.
കോടഞ്ചേരി പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഈ തൂക്കുപാലം ഉൾപ്പെടുത്തി പാലത്തിന്റെ പുനർനിർമാണത്തിനുള്ള തുക എത്രയും പെട്ടെന്ന് വകയിരുത്തുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അറിയിച്ചു.