കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയർത്തുന്നു
1374673
Thursday, November 30, 2023 7:05 AM IST
കൂമ്പാറ: കൂമ്പാറ- കക്കാടംപൊയിൽ റോഡിൽ പീടികപ്പാറയ്ക്ക് അടുത്ത് കോട്ടയം വളവിൽ റോഡിന്റെ വശത്തായി രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയർത്തുന്നു.
ഹെയർപിൻ വളവായതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ ഈ കുഴിയിൽ പെടാൻ സാധ്യതകൾ ഏറെയാണ്. റോഡിന്റെ വശങ്ങളിൽ കാനകൾ ഇല്ലാത്തതിനാൽ മഴവെള്ളം കുത്തി ഒഴുകുകയാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾക്കാണ് ഈ കുഴി ഏറ്റവും കൂടുതൽ അപകട ഭീഷണി ഉയർത്തുന്നത്. തിരുവമ്പാടി കോഴിക്കോട് നിലമ്പൂർ ഡിപ്പോകളിൽ നിന്നും, കെഎസ്ആർടിസി ബസുകൾ ഈ വഴിയാണ് സർവീസ് നടത്തുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലേക്ക് ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്. ഈ ഹെയർപിൻ വളവുകൾക്ക് റോഡ് നിർമിച്ച അന്നുമുതൽ സുരക്ഷാഭിത്തിയും ഇല്ല.
പല അപകടങ്ങളും ഇവിടെ നടന്നെങ്കിലും എല്ലാം തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണ് ഉണ്ടായത്. ഈ വളവുകളിൽ സുരക്ഷാഭിത്തിയും ക്രാഷ് ബാരിയറുകളും നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കക്കാടംപൊയിൽ കള്ളിപ്പാറ പീടികപ്പാറ ഭാഗത്തുനിന്നും നിരവധി വിദ്യാർഥികൾ യാത്ര ചെയ്യുന്ന ഏക മാർഗവും ആണിത്. അപകട ഭീഷണി ഉയർത്തുന്ന ഈ വളവിന്റെ അവസ്ഥയെക്കുറിച്ച് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. മലയോര ഹൈവേ ഈ ഹെയർപിൻ വളവിന്റെ തൊട്ടു താഴെയായി അവസാനിക്കുകയാണ്. ഈ വളവ് മുതൽ താഴേക്കക്കാട് വരെയുള്ള ഭാഗം രണ്ടുവർഷം മുമ്പ് റീ ടാറിംഗ് നടത്തിയെങ്കിലും നിർമാണത്തിലെ അപാകതയും കരാറുകാരുടെ അനാസ്ഥയും മൂലം പല ഭാഗങ്ങളിലും റോഡ് പൊളിയുവാനും തുടങ്ങിയിട്ടുണ്ട്.