പാൽ കാച്ചിയില്ല; പകരം പായസം ഉണ്ടാക്കി
1375545
Sunday, December 3, 2023 6:57 AM IST
പേരാമ്പ്ര: ഇന്ന് പേരാമ്പ്രയിൽ ആരംഭിക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് അടുക്കള ഒരുങ്ങി. പരമ്പരാഗതമായി പാൽ കാച്ചൽ ചടങ്ങോടയാണ് കലവറ പ്രവർത്തനം തുടങ്ങുക. ഇക്കുറി ആചാരങ്ങൾ ഒന്നും വേണ്ടാത്ത രീതിയിലാണു കാര്യങ്ങളുടെ പോക്ക്.
പാലിനു പകരം പായസമാണുണ്ടാക്കിയത്. ഭക്ഷണ വിഭവങ്ങൾ പല വിധത്തിലും സംഭരിക്കുന്നുണ്ട്. പഞ്ചസാര വേണമെന്നു പത്തോളം സ്കൂളുകളോട് ആവശ്യപ്പെട്ടിരുന്നതായാണ് അറിവ്. എല്ലാം സർക്കാർ ചെലവിലാണ് നടത്തുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. അതേ സമയം കുട്ടികൾ വഴി അറിയിപ്പു നൽകി രക്ഷിതാക്കളിൽ നിന്നാണു വിഭവ സമാഹരണം നടത്തുന്നത്. ഈ ചതിയിലാണു പേരാമ്പ്ര സെന്റ് ഫ്രാൻസീസ് സ്കൂൾ പെട്ടത്. സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചപ്പോൾ മഹാപരാധം ചെയ്ത പോലെ സ്കൂൾ അധികൃതരെ ക്രൂശിലേറ്റാനാണു ശ്രമമുണ്ടായതെന്നു ആരോപണമുയരുന്നുണ്ട്. പേരാമ്പ്ര ഉപജില്ലയിലെ 85 സ്കൂളുകളിൽ നിന്നും കൂടാതെ അയൽ സബ് ജില്ലയിൽ നിന്നുമൊക്കെ ഭക്ഷണ കമ്മിറ്റി വിഭവ സമാഹരണം നടത്തുന്നുണ്ട്. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളിൽ തന്നെ ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.
ഇവർ ഓരോരുത്തരും ഓരോ കിലോ പഞ്ചസാര വീതം നൽകിയാൽ 10 ക്വിന്റലുണ്ടാകും. ഇതേ പോലെ പത്തിൽപരം സ്കൂളിൽ നിന്ന് എത്തിയാൽ കലവറയിൽ പഞ്ചസാരയുടെ വലിയ കൂമ്പാരം തന്നെ ഉണ്ടാവും. അതാവും പാൽ കാച്ചലിനു പകരം പഞ്ചസാര കൊണ്ട് പായസം തന്നെ ഉണ്ടാക്കിയത്. ഇതിൽ ദൈവദാസിയും നിരപരാധിയുമായ ഒരു പ്രധാനാധ്യാപികയുടെ കണ്ണീരിന്റെ ഉപ്പു രസവുമുണ്ടാകും.