‘ഹമാസ് പോലുള്ള തീവ്രവാദ ശക്തികള്‍ക്ക് സിപിഎം വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം നൽകി’
1375548
Sunday, December 3, 2023 6:57 AM IST
കോഴിക്കോട്: ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി പൂർവകാല പ്രവർത്തക സംഗമം മാരാർജി ഭവനിൽ സംഘടിപ്പിച്ചു. നിരവധി പ്രവർത്തകർ പങ്കെടുത്ത സംഗമം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി ഉയർന്നതിനു പിന്നിൽ മുതിര്‍ന്ന തലമുറ അനുഷ്ഠിച്ച ത്യാഗവും സേവന താല്പര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ലോക ശക്തികളിലൊന്നായി വളരുമ്പോള്‍ അതിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. അത്തരം ശക്തികളെ ചെറുത്ത് തോൽപ്പിക്കണം. ഹമാസ് പോലുള്ള തീവ്രവാദ ശക്തികള്‍ക്ക് സിപിഎം വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം നൽകി ചുവപ്പു പരവതാനി വിരിച്ചു നൽകുകയാണ്. എന്നാൽ ബിജെപി ഇത്തരം നീക്കങ്ങൾക്കെതിരേ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. പൂർവകാല പ്രവർത്തക സംഗമം വെറുമൊരു പ്രൗഢസംഗമം അല്ലെന്നും പ്രൗഢോജ്വലസംഗമം ആണെന്നും അദ്ദേഹം പറഞ്ഞു.
ഇവരുടെയൊക്കെ സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് ബിജെപിയുടെ ഉയർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്, സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രഭാരിയുമായ ശോഭാ സുരേന്ദ്രന്, ദേശീയ സമിതി അംഗം കെ.പി. ശ്രീശന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. രഘുനാഥ്, വി.വി. രാജന്, ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ, ഇ. പ്രശാന്ത് കുമാര്‍, മുന്‍ ജില്ലാ പ്രസിഡന്റ് പി. മോഹന്‍ദാസ്, പി. വേലായുധന്, തിരുവണ്ണൂര്‍ ബാലകൃഷ്ണന്, പി. രമണീഭായ് പങ്കെടുത്തു.