പേരാമ്പ്ര ബൈപാസിൽ ചക്കിട്ടപാറ നാമ ബോർഡ് സ്ഥാപിച്ചു; ശയന പ്രദക്ഷിണ സമരം മാറ്റിവച്ചു
1375549
Sunday, December 3, 2023 6:57 AM IST
പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് റോഡിൽ നിന്ന് ചക്കിട്ടപാറയ്ക്കു പോകുന്ന ഉപ റോഡുകളിൽ ദിശാ അറിയിപ്പ് നൽകുന്ന ബോർഡുകളിൽ "ചക്കിട്ടപാറ' സ്ഥല നാമം ചേർക്കാത്തതിനെതിരേ കൊയിലാണ്ടി താലൂക്ക് വികസന സമിതിയിൽ സമിതി അംഗം രാജൻ വർക്കി രേഖാമൂലം നൽകിയ പരാതിയിൽ തീരുമാനമായി. ഇതോടെ ഇന്നലെ കൊയിലാണ്ടി താലൂക്ക് ഓഫീസ് മുറ്റത്ത് നടത്താനിരുന്ന ശയന പ്രദക്ഷിണ സമരം മാറ്റിവച്ചു.
രണ്ട് മാസം മുമ്പാണു പരാതി നൽകിയത്. റോഡ് നിർമിച്ച അതോറിറ്റി ഫണ്ടില്ലെന്ന കാരണത്താൽ നടപടി സ്വീകരിക്കുന്നതിൽ നിന്നു ഒഴിവായിരുന്നു. അതേസമയം തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. ഫ്ലെക്സിൽ ചക്കിട്ടപാറ സ്ഥലനാമം തയാറാക്കി പേരാമ്പ്ര ബൈപാസിലെ ഇരു സ്ഥല നാമ ദിശ ബോർഡിലും സ്ഥാപിച്ചു. ഇത് ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ തഹസിൽദാർ അറിയിച്ചു.
ചെലവായ 550 രൂപ യോഗാധ്യക്ഷൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബുവിനെ ഏൽപ്പിച്ചു. അദ്ദേഹവും മറ്റുള്ളവരും ഇത് നിരാകരിച്ചു പണം തിരികെ പരാതിക്കാരനെ ഏൽപ്പിച്ചു. താൽക്കാലികമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നശിച്ചാൽ അടുത്ത താലൂക്ക് വികസന സമിതി യോഗ ദിവസം ശയന പ്രദക്ഷിണ സമരം നടത്തുമെന്നു യോഗത്തിൽ അദ്ദേഹം അറിയിച്ചു.