കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പേരാമ്പ്രയിൽ തുടങ്ങി
1375779
Monday, December 4, 2023 6:08 AM IST
പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിനു പേരാമ്പ്രയിൽ തുടക്കമായി. 5, 6, 7, 8 തീയതികളിൽ ആണ് പ്രധാന മത്സരങ്ങൾ. ഇന്നലെ വിവിധ രചനാ മത്സരങ്ങളാണ് നടന്നത്.
സബർമതി, ഫീനിക്സ്, ധരാസന, സേവാഗ്രാം, ടോൾസ്റ്റോയി ഫാം, വൈക്കം, ഗുരുവായൂർ, ബോംബെ, നവഖാലി, രാജ്ഘട്ട്, പയ്യന്നൂർ, പാക്കനാർപുരം, വടകര, അഹമ്മദാബാദ്, ചമ്പാരൻ, പീറ്റർ മാരീസ് ബർഗ്, അമൃത്സർ, ബൽഗാം, ഖേദ എന്നീ പേരുകളുള്ള 19 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച പ്രധാന കമ്മിറ്റിയും ഉപസമിതികളും പ്രവർത്തനം തുടങ്ങി. മേളയിൽ മത്സരത്തിനായി എത്തുന്ന കുട്ടികൾക്കും ഒഫീഷ്യൽസിനും സംഘാടകർക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഭക്ഷണശാല സജീവമാണ്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ആണ് ഇതിന്റെ സാരഥി.
വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത ു
പേരാമ്പ്ര: 62-ാമത് കോഴിക്കോട് ജില്ലാ റവന്യൂ ജില്ല കലോത്സവത്തിന്റെ വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. കലോത്സവവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഓരോ വേദികളും അവിടേക്കുള്ള വഴിയും പേരുകളും പേരുകളുടെ ചരിത്രവും മത്സര ഫലങ്ങളും സൈറ്റിൽ ലഭ്യമാണ്.
മേളയുടെ പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. ഷാജു പി. കൃഷ്ണൻ, ടി. അശോക് കുമാർ, സജീവൻ വടകര, ടി.കെ. പ്രവീൺ, ചിത്ര രാജൻ, പി. രാമചന്ദ്രൻ, അരുൺ അലക്സാണ്ടർ, വി.ബി. രാജേഷ്, അർജ്ജുൻ കറ്റയാട്ട്, ഇ.കെ. സുരേഷ്, കെ. സജീഷ്, എൻ.പി. വിധു, രാജൻ വർക്കി, മനോജ് ആവള തുടങ്ങിയവർ സംബന്ധിച്ചു. വെബ് സൈറ്റ് അഡ്രസ്:kalolsavamkkd2023.wordpress.com.