മാധ്യമങ്ങള്‍ വിശ്വാസ്യത കൈവിടരുത്: ഡെപ്യൂട്ടി സ്പീക്കര്‍
1376889
Saturday, December 9, 2023 12:38 AM IST
കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴിയുളള വ്യാജവാര്‍ത്ത പ്രചരണം വ്യാപകമാകുന്ന പുതുകാലത്ത് വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനാകണം മാധ്യമങ്ങളുടെ പ്രഥമ പരിഗണനയെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
മാധ്യമ രംഗത്തെ മികവിന് കാലിക്കട്ട്പ്രസ്ക്ലബ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയുകയായിരുന്നു അദ്ദേഹം. പലതും മറന്നുപോകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്തരം കാലഘട്ടത്തില്‍ നമുക്ക് വഴികാട്ടികളായവരെ ഓര്‍ക്കുക എന്നത് ആത്മവിശ്വാസവും മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്നതാണ്.
ഇന്നത്തെ മാധ്യമപ്രവര്‍ത്തനവും പഴയകാലത്തെ മാധ്യമ പ്രവര്‍ത്തനവും തമ്മില്‍ വലിയ അന്തരമുണ്ട്. വസ്തുതകളുടെ റിപ്പോര്ട്ടിംഗിനപ്പുറം ഓര്മപ്പെടുത്തലുകള് നടത്തേണ്ടതും പത്രധര്മമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന് അധ്യക്ഷനായി.