വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ ഏഴു മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം
1377498
Monday, December 11, 2023 12:49 AM IST
പാണ്ടിക്കാട് (മലപ്പുറം): വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ ഏഴു മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം. തമ്പാനങ്ങാടി ബൈപ്പാസ് റോഡില്‍ കെ.പി. ഷിഹാബിന്റെയും അരിപ്രതൊടി സമിയ്യയുടെ മകള്‍ ഹാസമറിയം ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറിനാണ് സംഭവം.കുട്ടിയുമായി പുറത്തിറങ്ങിയ മാതാവിനെ നായ ആക്രമിക്കാന്‍ വന്നപ്പോള്‍ ഓടുന്നതിനിടെ കൈ തെന്നി കുട്ടി വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഉടനെ മഞ്ചേരി അഗ്നിരക്ഷാനിലയത്തില്‍ നിന്നു സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ അനിലിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷ പ്രവര്‍ത്തകരെത്തി. തുടര്‍ന്നു ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കൃഷ്ണകുമാര്‍ കിണറ്റിലിറങ്ങി കുട്ടിയെ റെസ്ക്യൂനെറ്റില്‍ പുറത്തെടുത്തു.ഉടന്‍ പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ വാഹനത്തില്‍ കുട്ടിയെ പാണ്ടിക്കാട്ടെ സ്വകാര്യശുപത്രിയല് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. മഞ്ചേരി അഗ്നിരക്ഷാനിലയത്തിലെ ഓഫീസര്‍മാരായ എം.വി. അനൂപ്, ശ്രീലേഷ്കുമാര്‍, കെ.കെ. പ്രജിത്ത്, ഗണേഷ് കുമാര്‍, പാണ്ടിക്കാട് പോലീസ്, പോലീസ് വോളണ്ടിയര്‍മാര്‍, ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളികളായി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്കി