താമരശേരി ചുരത്തിലെ കടുവ: വാകേരി സംഭവത്തിന്റെ ഞെട്ടലിൽ മലയടിവാരത്തെ കുടുംബങ്ങൾ
1377500
Monday, December 11, 2023 12:49 AM IST
കോഴിക്കോട്: വയനാട് വാകേരിയിൽ പുല്ലരിയാൻ പോയ യുവാവിനെ കടുവ കൊന്നു ഭക്ഷിച്ച സംഭവത്തോടെ താമരശേരി ചുരത്തിൽ മലയടിവാരത്തിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങൾ ഭീതിയിൽ. ചുരത്തിൽ കടുവയുടെ സാന്നിധ്യം വനപാലകർ സ്ഥിരീകരിച്ചതോടെ രാത്രിയിൽ പുറത്തിറങ്ങാൻ മടിക്കുകയാണ് ആളുകൾ. കഴിഞ്ഞയാഴ്ച രണ്ടു തവണയാണ് യാത്രക്കാർ ചുരത്തിൽ വച്ച് കടുവയെ കണ്ടത്.
ലോറി ഡ്രൈവർ നൽകിയ വിവരമനുസരിച്ച് പുലർച്ചെ ചുരത്തിലെത്തിയ പോലീസ് പട്രോളിംഗ് സംഘത്തിന് ഒന്പതാം വളവിനു സമീപത്തുവച്ച് കടുവയെ നേരിൽ കാണാനായി. കടുവ റോഡുമുറിച്ചു കടന്നു പോകുന്ന ദൃശ്യങ്ങൾ പകർത്താനും പോലീസുകാർക്ക് കഴിഞ്ഞു. ഇതിനു ശേഷം കാർ യാത്രക്കാരും ചുരത്തിൽ വച്ച് കടുവയെ കണ്ടു.
ഒന്പതാം വളവിനു താഴെയായി മലയടിവാരങ്ങളിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ചുരത്തിൽ കാണപ്പെട്ട കടുവ തങ്ങളുടെ വാസസ്ഥലത്തേക്കും എത്തുമെന്നാണ് ആളുകളുടെ ഭീതി. വേട്ടയാടി ഇരപിടിക്കാൻ കഴിയാത്ത വിധം ശാരീരിക അവശതയുള്ളപ്പോഴാണ് കടുവ കാടുവിട്ട് മനുഷ്യവാസമുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം.
വനത്തിൽ 75 മുതൽ 100 ചതുരശ്ര കിലോമീറ്റർ വരെ വിസ്തീർണമുള്ള ഭൂപ്രദേശം ഒരോ ആണ് കടുവയും സ്വന്തം സാമ്രാജ്യമായി കരുതിവയ്ക്കും. ആഹാരം, വെള്ളം, ഒളിച്ച് കഴിയാനുള്ള സൗകര്യം എന്നിവയൊക്കെ ആശ്രയിച്ച് ഭൂപരിധിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. ഇഷ്ടം പോലെ തീറ്റയുണ്ടെങ്കിൽ വനവിസ്തൃതിയിൽ കുറവുണ്ടാകും.
ആഹാരലഭ്യത കുറവാണെങ്കിൽ വനസാമ്രാജ്യം വലുതാക്കുകയും ചെയ്യും. ഓരോ ആണ് കടുവയുടെയും സാമ്രാജ്യത്തിലേക്ക് വേറെ ആണ് കടുവ കടന്നുകയറിയാൽ അവ പരസ്പരം പൊരുതും. പരിക്കേറ്റ് തോറ്റു പിൻമാറുന്ന കടുവ പിന്നീട് ആ കാട്ടിൽ നിൽക്കാതെ പുറത്തുകടക്കും. പരിക്കേറ്റ കടുവയ്ക്ക് വേട്ടയാടി ഇരപിടിക്കാൻ കഴിയില്ല. അവശതയുള്ള ഇത്തരം കടുവകൾ വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ഭക്ഷണമാക്കാറാണ് പതിവ്.
ആണ് കടുവയുടെ ടെറിട്ടറിക്കുള്ളിൽ ഒന്നിലധികം പെണ് കടുവകൾ ഉണ്ടാകും. ഇണചേരൽ കാലത്ത് മാത്രമാണ് പെണ് കടുവയ്ക്ക് ഒപ്പം ആണിനെ കാണുക. കുഞ്ഞുങ്ങൾ സ്വന്തമായി ആഹാരം തേടി തുടങ്ങും വരെ അമ്മയ്ക്കൊപ്പം ആണ് കടുവയുണ്ടാകും. 2-3 വയസായാൽ കുഞ്ഞുങ്ങൾ അമ്മയെ വിട്ട് പുതിയ വേട്ടപ്രദേശങ്ങൾ തേടിപോകും.
അങ്ങിനെ വേറെ ആണ് കടുവയുടെ മേഖലയിൽ എത്തുന്പോഴാണ് ഏറ്റുമുട്ടലുണ്ടാവുക. അവശതയുള്ള കടുവയാണ് ചുരത്തിൽ എത്തിയതെങ്കിൽ അത് തങ്ങളുടെ വീട്ടുപരിസത്തേക്കെത്തുമോയെന്നാണ് പ്രദേശവാസികൾ ഭയപ്പെടുന്നത്. വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം വനപാലകർ ചുരത്തിൽ പരിശോധന നടത്തിയിരുന്നു.
കടുവ ചുരം കടന്നുപോയിട്ടുണ്ടാകുമെന്നായിരുന്നു വനപാലകർ ആദ്യ ദിവസം നൽകിയ സൂചന. എന്നാൽ പിന്നീടും കടുവയെ ചുരത്തിൽ തന്നെ കണ്ടതോടെ വനപാലകരുടെ വാക്കുകൾ പ്രദേശവാസികൾക്ക് ആശ്വാസമായിട്ടില്ല.
ചുരത്തിൽ ഗതാഗതക്കുരുക്ക് സ്ഥിരം സംഭവമായ സാഹചര്യത്തിൽ ആളുകൾ വാഹനങ്ങളിൽ നിന്നു പുറത്തിറങ്ങി വിശ്രമിക്കാറുണ്ട്. ചുരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി രാത്രിയിൽ വാഹനം നിറുത്തി പുറത്തിറങ്ങുന്നവരുമുണ്ട്. ഇവർക്കെല്ലാം കടുവ ഭീഷണിയാണ്.
കടുവകളെ പിടിക്കാൻ ഉല്ലാസയാത്ര നടത്തുന്ന മന്ത്രിമാർ ഇറങ്ങണം: അഡ്വ. ബിജു കണ്ണന്തറ
കോഴിക്കോട്: വയനാട്ടിൽ പൊതുജനങ്ങളെ കടിച്ചു കീറാൻ കടുവകളെ സ്വൈര്യവിഹാരത്തിന് വിട്ട് നവകേരള സദസ് നടത്തുന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും യാത്ര മതിയാക്കി പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള പരിപാടികൾ ആവിഷ്കരിക്കണമെന്ന് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
വനം-വന്യ ജീവി സംരക്ഷണം സമൂഹത്തിന് വേണ്ടിയാവണമെന്നും അതിലൂടെയുള്ള പരിസ്ഥിതി സംരക്ഷണത്തിന്റെയടക്കം ആത്യന്തിക ഫലം അനുഭവിക്കേണ്ടത് സമൂഹമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതിനായി വനം വന്യജീവി സുരക്ഷാ നിയമങ്ങൾ പൊളിച്ചെഴുതണം. ആള് നാശവും കൃഷിനാശവും സംഭവിക്കുന്നത് ആവര്ത്തിക്കാതിരിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.