നല്ലൂർനാട്: നിർധന രോഗികളെ ഹൃദയത്തോടു ചേർത്തുനിർത്താനും സംരക്ഷിക്കാനും സമൂഹത്തിനു കഴിയണമെന്നു ഇ.ടി. മുഹമ്മദ് ബഷീർ എംപി. നല്ലൂർനാട് അംബേദ്കർ കാൻസർ സെന്ററിലെത്തുന്ന രോഗികൾക്ക് സഹായകമാകുന്നവിധത്തിൽ സി.എച്ച് സെന്ററിന്റെ പ്രവർത്തനം തുടങ്ങുന്നതിനു മുന്നോടിയായുള്ള സ്ഥലമെടുപ്പും കമ്മിറ്റി രൂപീകരണ പ്രഖ്യാപനസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രോഗംമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നവരെ സ്രഷ്ടാവ് ഉയരങ്ങളിലെത്തിക്കുമെന്ന ചിന്ത എല്ലാവരിലും ഉണ്ടാകണം. അപരന്റെ ദുഃഖത്തെ സ്വന്തം ദുഃഖമായി കരുതി പ്രവർത്തിക്കുന്നവർക്ക് മറ്റുള്ളവരുടെ പ്രാർഥനയും സ്നേഹവും ലഭിക്കും.
മാരകരോഗങ്ങളും ജീവിതശൈലീരോഗങ്ങളും വർധിക്കുന്ന കാലത്ത് സി.എച്ച്. സെന്റർ നടത്തുന്ന സേവനം പ്രശംസനീയമാണെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ അസീസ് കോറോം അധ്യക്ഷത വഹിച്ചു. റസാഖ് മാസ്റ്റർ കമ്മിറ്റി പ്രഖ്യാപനം നടത്തി.
കൈപ്പാണി ഇബ്രാഹിം, കെ.കെ. അഹമ്മദ് ഹാജി, പി.കെ. അസ്മത്ത്, പടയൻ മുഹമ്മദ്, കെ.സി. മായൻ ഹാജി, പി.വി.എസ്. മൂസ, അഹമ്മദ് കബീർ ബാഖവി, പി.കെ. അമീൻ, സി. കുഞ്ഞബ്ദുള്ള, പി.സി. ഇബ്രാഹിം ഹാജി, നവാസ് പാലേരി, അലി പീച്ചംങ്കോട്, അഷ്റഫ് പൂന്തോടൻ, ഹാരിസ് കണ്ടിയൻ, ഫൈസൽ വയനാട്, എച്ച്.ബി. പ്രദീപ്, അബൂബക്കർ പൊയിലൂർ, ചക്കര അബ്ദുല്ല ഹാജി, ശിഹാബ് ആയാത്ത് തുടങ്ങിയവർ പങ്കെടുത്തു.
മികച്ച സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം,സൗജന്യ ഭക്ഷണശാല, സൗജന്യ മരുന്ന്, ചികിത്സാസഹായം, വോളണ്ടിയർ സേവനം എന്നിവ ഒരുക്കാനാണ് സി.എച്ച്. സെന്ററിന്റെ പദ്ധതി. ഒരു കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.