പുൽപ്പള്ളി: സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരം മൂലം ഉച്ചയായിട്ടും ബാങ്ക് തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് സമരസമിതി നേതാക്കളായ ടി.വി സുരേഷ്, എ.വി.ജയൻ, എസ്.ജി.സുകുമാരൻ, പ്രകാശ് ഗഗാറിൻ, എ.ജെ. കുര്യൻ, ഗിരിഷ്, ഇ.കെ.രാജപ്പൻ ഉൾപ്പടെയുള്ളവരെ പുൽപ്പള്ളി സിഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ ഉപരോധസമരം അവസാനിപ്പിക്കാൻ സമരക്കാർ തയാറാകാത്തതിനെ തുടർന്ന് പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് പോലീസ് സഹായത്തോടെ ബാങ്ക് തുറന്ന് പ്രവർത്തനമാരംഭിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ബാങ്കിന് മുന്നിൽ കനത്ത പോലിസ് കാവൽ ഏർപ്പെടുത്തി. കർഷകനേതാക്കളെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
മാർച്ച് ധർണയും
പുൽപ്പള്ളി: ബാങ്ക് ജപ്തിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഡ്വ.എം.വി.ടോമിയുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജനതാദൾ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേയ്ക്ക് മാർച്ച് ധർണയും നടത്തി.
ധർണ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബെന്നി കുറുന്പാലക്കാട്ട്, എ.ജെ.കുര്യൻ, പി.കെ.ബാബു, സുബൈർ കടന്നോളി, കെ,അസീസ്, സി, അയ്യപ്പൻ, ബൈജു ഐസക്, രാജൻ ഒഴക്കോടി, ബാബു മീനംങ്കൊല്ലി, കുമാർ ഇരുളം, സംഷുദീൻ അരപ്പറ്റ, ടി.കെ.അരുണ് എന്നിവർ പ്രസംഗിച്ചു.
ബാങ്ക് ഉപരോധിച്ചു
പുൽപ്പള്ളി: ഇരുളത്ത് ആത്മഹത്യ ചെയ്ത അഡ്വ.ടോമിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് ഇടതു കർഷക സംഘടനകളുടെ സംയുക്ത നേതൃത്യത്തിൽ ബാങ്കിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.
ഉപരോധസമരത്തിന് നേതാക്കളായ പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രകാശ് ഗഗാറിൻ അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ് ബാബു, എ.വി.ജയൻ, ടി.വി.സുരേഷ്, എ.ജെ.കുര്യൻ, എസ്.ജി.സുകുമാരൻ, ബെന്നി കുറുന്പലക്കാട്ട്, ഗിരിഷ്, പി.എ.മുഹമ്മദ്, കെ.എ.സ്ക്റിയ, എൻ.യു.വിൽസണ് എന്നിവർ നേതൃത്വം നൽകി.
കുറ്റക്കാരെ ശിക്ഷിക്കണം:
യൂത്ത് കോണ്ഗ്രസ്
പുൽപ്പള്ളി: ഇരുളത്തെ അഭിഭാഷകന്റെ ആത്മഹത്യക്ക് കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി സിജു പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ജോർജ് അധ്യക്ഷത വഹിച്ചു.
രാജു തോണിക്കടവ്, ടോണി തോമസ് , ലിജോ ജോർജ്, അൽജിത് ജേക്കബ്, ബിജോയ് ജോസ്, എ.കെ.ശരത്, ജിഞ്ഞു തോമസ് എന്നിവർ പ്രസംഗിച്ചു.