കൽപ്പറ്റ: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയിൽനിന്നു ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കെസിവൈഎം കൽപ്പറ്റ മേഖല കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച റിലേ സമരം തുടരുന്നു. മൂന്നു നാൾ പിന്നിട്ട സമരം ഇന്നുച്ചകഴിഞ്ഞു സമാപിക്കും.
ഇന്നലത്തെ സമരത്തിൽ നെടുന്പാല, ചൂരൽമല, കുന്നന്പറ്റ, പുഴമുടി ഇടവക പ്രതിനിധികൾ പങ്കെടുത്തു. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു. സംരക്ഷിത വനങ്ങളുടെ അതിർത്തിക്കു സമീപം താമസിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്നതാണ് പരിസ്ഥിതി ലോല മേഖലയമായി ബന്ധപ്പെട്ട സൂപ്രീം കോടതി വിധിയെന്നു അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലടക്കം നടക്കുന്ന സമരങ്ങൾ അധികാരികൾ കണ്ണുതുറന്നു കാണണമെന്നു ജോണി പാറ്റാനി ആവശ്യപ്പെട്ടു. കെസിവൈഎം മേഖല പ്രസിഡന്റ് ജിക്സണ് വടക്കൂട്ട് അധ്യക്ഷത വഹിച്ചു. ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സാലു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ വന നിയമം 26 എ വകുപ്പു പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതെ പ്രഖ്യാപിച്ച വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല എന്നതു വൈരുധ്യമാണെന്നു അദ്ദേഹം പറഞ്ഞു. കൽപ്പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയാപുറം, തോമസ് മണലോത്ത്, സിസ്റ്റർ ലിൻസി എസ് എച്ച്, കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് സിജു ഇടയാടിയിൽ, ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര, വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ്, ജനറൽ സെക്രട്ടറി കുര്യൻ തോമസ്, മാനന്തവാടി രൂപത പ്രസിഡന്റ് ടിബിൻ പാറയ്ക്കൽ, മേഖല ഡയറക്ടർ ഫാ.റെജി മുതുകത്താനി, ഫാ. മനോജ് അന്പലത്തിങ്കൽ, ജിതിൻ നീറാന്പുഴ എന്നിവർ പ്രസംഗിച്ചു. ഇന്നത്തെ സമരത്തിൽ വൈത്തിരി, ചാരിറ്റി, ലക്കിടി, തരിയോട് ഇടവക പ്രതിനിധികൾക്കു പുറമേ കോഴിക്കോട് രൂപതയിലെ കെസിവൈഎം, സിഎൽസി പ്രവർത്തകരും അണിചേരും.