മ​ത്സ്യ​കർ​ഷ​ക​നു ഇക്കുറിയും കനത്ത നഷ്ടം
Thursday, August 22, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: മ​ത്സ്യ​കൃഷി ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യ തെ​ക്കും​ത​റ കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ ശ​ശി​യെ​ഇത്തവണയും വെ​ള്ള​പ്പൊ​ക്കം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. 2018ലെ ​പ്ര​ള​യ​ത്തി​ൽ ഏ​ക​ദേ​ശം 17 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ശ​ശി​യു​ടെ അ​ഞ്ച് ഏ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ൽ ഉ​ണ്ടാ​യ​ത്. ഇ​ക്കു​റി 10 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് നഷ്ടം.

വെ​ള്ള​പ്പൊക്കത്തിൽ മ​ത്സ്യ​ക്കു​ള​ങ്ങ​ളു​ടെ അ​രി​ക് ഇ​ടി​ഞ്ഞു. ഹാ​പ്പ(​മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന വ​ല), വ​ലി​യ വ​ല​ക​ൾ, ജ​ല​വി​ത​ര​ണ​ക്കു​ഴ​ലു​ക​ൾ എ​ന്നി​വ ന​ശി​ച്ചു.

കു​ള​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യ കാ​ർ​പ്പ്, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ എന്നിവ ന​ഷ്ട​മാ​യി. ബോ​ർ​ഡ് ടെ​യ്ൻ ഇ​ന​ത്തി​ൽ​പ്പെട്ട 12,000 മ​ത്സ്യ​ങ്ങ​ളെ​യും 20,000 ഗ​പ്പി കു​ഞ്ഞു​ങ്ങ​ളെ​യും പ്ര​ള​യം കൊ​ണ്ടു​പോ​യി. ജൈ​ൻ ഗൗ​രാ​മി അ​ൽ​ബി​നോ ഇ​ന​ത്തി​ലെ 30 ജോ​ഡി​ക​ൾ നഷ്ട​മാ​യി. 4,000 രൂ​പ​യാ​ണ് ജോ​ഡി​ക്കു വി​ല.

കോ​യി​ൽ കാ​ർ​പ്പ് ഇ​ന​ത്തി​ലെ ര​ണ്ടാ​യി​രം മ​ത്സ്യ​ങ്ങ​ളും ഒ​ഴു​കി​പ്പോ​യി. 2018ലെ ​അ​നു​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക​ം അ​തി​ജീ​വി​ക്കാ​ൻ കൃ​ഷി​യി​ട​ത്തി​ൽ ചി​ല സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. അ​രി​കു​ക​ൾ ത​ക​ർ​ന്ന​ കു​ള​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ച്ചാ​ലേ ഇ​നി​ ​കൃ​ഷി സാ​ധ്യ​മാ​കൂ. ഇതിനു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ മു​ട​ക്ക​ണം. ഇ​പ്പോ​ൾ​ത്ത​ന്നെ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 20 ല​ക്ഷം രൂ​പ ബാ​ധ്യ​ത​യു​ണ്ട്.

2004ലാ​ണ് ശ​ശി മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ച​ത്. മി​ക​ച്ച മ​ത്സ്യ​കർ​ഷ​ക​നുള്ള ദേ​ശീ​യ-​സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ലഭിച്ചിട്ടുണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഫാ​മും ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നും ശ​ശി​യു​ടെ കൃ​ഷി​യി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ര​ണ്ടു പ്ര​ള​യ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഇ​വ​യും അ​വ​താ​ള​ത്തി​ലാ​യി.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു കൃ​ഷി, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളെ ശ​ശി സ​മീ​പി​ച്ചെ​ങ്കി​ലും കാര്യമായ ഫ​ലം ഉ​ണ്ടാ​യി​ല്ല. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്രകാരം 20,000 രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ഉദ്യോ​ഗ​സ്ഥ​ർ ക​ണ​ക്കാ​ക്കി​യ​ത്. ഉ​ത്പാ​ദ​ന ന​ഷ്ട​ത്തി​നു പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ജി​ല്ല​യി​ലെ മ​ത്സ്യ​ക്ക​ർ​ഷ​ക​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം ഉ​ണ്ടാ​യ​തു ശ​ശി​ക്കാ​ണെ​ന്നു വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഫി​ഷ​റീ​സ് കോ ​-ഓ​ർ​ഡി​നേ​റ്റ​ർ രാ​ജി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ​കൃഷി​ക്കാ​രു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി ഫി​ഷ​റീ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെന്നും കോ-ഓർഡിനേറ്റർ അറിയിച്ചു.