കൽപ്പറ്റ: വരദൂർ വി.കെ. വർധമാന ഗൗഡർ ഹാളിൽ 22, 23 തിയതികളിൽ നടത്തുന്ന ജില്ല ക്ഷീരകർഷക സംഗമത്തിന്റെയും വരദൂർ ക്ഷീരസംഘം സുവർണ ജൂബിലി ആഘോഷത്തിന്റെയും ഒരുക്കം പൂർത്തിയായതായി ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ പി.പി. ബിജുമോൻ, വരദൂർ സംഘം പ്രസിഡന്റ് പി.ജെ. രാജേന്ദ്രപ്രസാദ്, സ്വാഗതസംഘം ഭാരവാഹികളായ പി.എൻ. സുരേന്ദ്രൻ, അനൂപ് ജോർജ്, ടി.പി. സുരേഷ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കന്നുകാലി-കാർഷിക പ്രദർശനം, തത്സമയ ക്വസ് പ്രോഗ്രാം(ഗവ്യജാലകം), സെമിനാർ, ക്ഷീര നവോത്ഥാന പരിശീലനം, മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, ഐഎസ്ഒ സർട്ടിഫിക്കറ്റ് വിതരണം, സാസ്കാരിക സമ്മേളനം, പൊതുസമ്മേളനം എന്നിവ സംഗമത്തിന്റെ ഭാഗമാണ്.
സംഗമം വിളംബരം ചെയ്തു ഇന്നു വൈകുന്നേരം നാലിനു വരദൂരിൽ ജാഥ നടത്തും. നാളെ രാവിലെ ഒന്പതിനു തത്സമയ ക്വിസ് പ്രോഗ്രാം ആരംഭിക്കും. 10നു കന്നുകാലി പ്രദർശനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. 105 പശുക്കൾ പ്രദർശനത്തിൽ ഉണ്ടാകും. പ്രളയം അതിജീവനം എന്ന വിഷയത്തിൽ രാവിലെ 11നു നടത്തുന്ന സിംപോസിയം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്യും. വരദൂർ സംഘം സുർവണജൂബിലി ഡോക്യുമെന്ററി പ്രകാശനവും അവർ നിർവഹിക്കും. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും.
പ്രളയം: അതിജീവന മാർഗങ്ങൾ, ക്ഷീര സാന്ത്വനം-സമഗ്ര ഇൻഷ്വറൻസ് പദ്ധതി എന്നീ വിഷയങ്ങളിൽ ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടർ(എക്സ്റ്റൻഷൻ) എം. പ്രകാശ്, ജില്ല ക്വാളിറ്റി കണ്ട്രോൾ ഓഫീസർ പി. അനിത എന്നിവർ ക്ലാസെടുക്കും. ചിരിക്കാം ചിന്തിക്കാം എന്ന പേരിൽ ഉച്ചകഴിഞ്ഞു രണ്ടിനു നടത്തുന്ന ശിൽപശാല കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തന്പി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിനു സാംസ്കാരിക പരിപാടികൾ ആരംഭിക്കും. 23നു രാവിലെ 9.39നു ക്ഷീരവികസന സെമിനാറിൽ ഡോ.എസ്. ഷണ്മുഖവേൽ ക്ലാസ് നയിക്കും.
ക്ഷീരകർഷക സംഗമവും വരദൂർ സംഘം സുവർണജൂബിലി ആഘോഷവും രാവിലെ 11.30നു കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ക്ഷീര സംഘങ്ങളുടെ മൊത്തം പ്രവർത്തനത്തിനു സംസ്ഥാനത്തു ആദ്യമായി അന്തർദേശീയ അംഗീകാരം ലഭിച്ച വരദൂർ, ബത്തേരി ക്ഷീര സംഘങ്ങളെ മന്ത്രി ആദരിക്കും. ജില്ലയിലെ മികച്ച ക്ഷീരകർഷകൻ ബത്തേരി നായ്ക്കെട്ടി എം.വി. മോഹൻദാസ്, മകിച്ച ക്ഷീരകർഷക ലില്ലി മാത്യു, പട്ടിക വിഭാഗത്തിലെ മികച്ച ക്ഷീരകർഷകൻ കരിയൻ എന്നിവരെ യാഥാക്രമം സി.കെ. ശശീന്ദ്രൻ എംഎൽഎ, ഒ.ആർ. കേളു എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ എന്നിവർ ആദരിക്കും.
പ്രളയത്തെത്തുടർന്നു ഡൊണേറ്റ് എ കൗ പ്രോഗ്രം നടപ്പിലാക്കുന്നതിനു നേതൃത്വം നൽകിയ ക്ഷീര വികസന ഓഫീസർ വി.എസ്. ഹർഷ, പശുക്കളെ ദാനം ചെയ്ത ബംഗളൂരു റീച്ചിംഗ് ഹാൻഡ് ചെയർമാൻ സാമുവൽ എന്നിവരെ ജില്ല കളക്ടർ ഡോ.അദീല അബ്ദുല്ല ആദരിക്കും. ജില്ലയിലെ മികച്ച ക്ഷേമനിധി കർഷകൻ അബ്ദുൽ റഷീദ് തരിയോടിനെ ക്ഷീര കർഷക ക്ഷേമനിധി ചെയർമാൻ അഡ്വ.എൻ. രാജനും കഴിഞ്ഞ സാന്പത്തികവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ബത്തേരി സംഘത്തെ ക്ഷീരവികസന ഡയറക്ടർ എസ്. ശ്രീകുമാറും ആദരിക്കും.
കന്നുകാലി പ്രദർശന മത്സര വിജയികളെ കേരള ഫീഡ്സ് മാനേജിംഗ്ഡയറക്ടർ ബി. ശ്രീകുമാർ, ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോഷി ജോസഫ്, ജോയിന്റ് ഡയറക്ടർ സി. രവീന്ദ്രൻപിള്ള എന്നിവർ അനുമോദിക്കും.
ജില്ലയിലെ മികച്ച ഡയറി ഫാം ഉടമ വേണു ചെറിയത്ത്, വരദൂർ ക്ഷീര സംഘം മുൻ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരേയും മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് ആദരിക്കും. മികച്ച ബ്ലോക്കുതല കർഷകരെ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റുമാരായ ലത ശശി, ഗീത ബാബു, ടി.എസ്. ദിലീപ്കുമാർ എന്നിവർ ആദരിക്കും. ഐഎസ്ഒ പുരസ്കാരം നേടിയ
ജില്ലയിലെ ആദ്യത്തെ ഡയറി ഫാം ഉടമ മിനി തങ്കച്ചൻ കാട്ടിമൂലയെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരനും മികച്ച ഗുണനിലവാരമുള്ള പാൽ സംഭരിച്ച ആലാറ്റിൽ ക്ഷീര സംഘത്തെ ജില്ല പഞ്ചായത്തംഗം കെ. മിനിയും വരദൂർ സംഘത്തിലെ മികച്ച കർഷകരെ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യനും ആദരിക്കും. മികച്ച കന്നുകുട്ടിക്കുള്ള പുരസ്കാരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സിസി ഫിലിപ്പ് സമ്മാനിക്കും.