വെള്ളരിക്കുണ്ട്: മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള കാര്‍ഡ് ഉടമകളെ കണ്ടെത്താന്‍ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രത്യേകം സ്ക്വാഡുകള്‍ രൂപീകരിച്ച് വീടുകള്‍ കയറിയിറങ്ങിയുള്ള പരിശോധനകള്‍ ആരംഭിച്ചു. പിടിക്കപ്പെട്ടാല്‍ അര ലക്ഷം രൂപ പിഴയും ആറുമാസം തടവും അനുഭവിക്കേണ്ടി വരും.
ക്രമക്കേട് കണ്ടെത്തിയാൽ കാര്‍ഡ് ഉടമകള്‍ വാങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ക്ക് വില ഈടാക്കും. ഒരു കിലോ അരിക്ക് 40.20/- രൂപ, ഗോതമ്പിന് 29.20/- രൂപ പ്രകാരമാണ് ഈടാക്കുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ നടത്തിയ റെയ്ഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുള്പ്പെടെ നിരവധി പേരാണ് മുന്‍ഗണനാ (പിങ്ക് കാര്‍ഡ്), എഎവൈ (മഞ്ഞ കാര്‍ഡ്), പൊതുവിഭാഗം സബ്സിഡി(നീല കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചുകൊണ്ട് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചാമുണ്ഡിക്കുന്ന്, കല്ലപ്പള്ളി, ഈസ്റ്റ് എളേരി എന്നീ പ്രദേശങ്ങളിലെ കാര്‍ഡുടമകളില്‍ നിന്നാണ് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കിയിരിക്കുന്നത്. ഒരേക്കറിന് മുകളില്‍ സ്വന്തമായി ഭൂമി, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് സ്വന്തമായി നാലുചക്ര വാഹനം, വിദേശത്ത് ജോലി ചെയ്യുന്നവര്‍, പ്രതിമാസം 25000/- മുകളില്‍ വരുമാനം എന്നിവ ഉള്ളവര്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നത് ശിക്ഷാര്‍ഹമാണ്.
അന്വേഷണത്തില്‍ നൂറോളം എഎവൈ, മുന്‍ഗണനാ, പൊതുവിഭാഗം (സബ്സിഡി) റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി നല്‍കുകയും പിഴയിനത്തില്‍ 1,87000 നാളിതുവരെയായി ഈടാക്കിയിട്ടുണ്ട്.
അനര്‍ഹമായി മഞ്ഞ, പിങ്ക്, കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ അപേക്ഷിക്കണം. താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാലായോ അപേക്ഷിക്കാം.
കോവിഡ് സാഹചര്യമായതിനാല്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്ഥാപിച്ച പെട്ടികളില്‍ നിക്ഷേപിച്ചാലും മതിയാകും. അനധികൃതമായി ആരെങ്കിലും മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും സപ്ലൈ ഓഫീസില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.
പരിശോധന തുടര്‍ന്നും ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി. അനീഷ് അറിയിച്ചു.