പ്ലസ് വണ്‍ മൂന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന തീയതി നീട്ടണം: എഎച്ച്എസ്ടിഎ
1567927
Tuesday, June 17, 2025 1:19 AM IST
കാസര്‍ഗോഡ്: കനത്ത മഴയെതുടര്‍ന്ന് എട്ട് ജല്ലകളില്‍ ഇന്നലെ അവധി ആയിരുന്നതിനാല്‍ ഇന്നു നടത്താന്‍ തീരുമാനിച്ച പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാനത്തെ അലോട്ട്മെന്റിനുള്ള തീയതി നീട്ടണമെന്ന് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതുണ്ട്. ഉയര്‍ന്ന ഓപ്ഷന് നിലനിര്‍ത്തി മറ്റു സ്കൂളും മികച്ച കോമ്പിനേഷനും പ്രതീക്ഷിച്ചിരിക്കുന്ന കുട്ടികള്‍, നിലവില്‍ താത്കാലിക പ്രവേശനം നേടിയ സ്കൂളുകളില്‍ നിന്നും ടിസി ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റ്കള്‍ തിരികെ വാങ്ങി വേണം ഇപ്പോഴത്തെ പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്ന ദിനങ്ങളില്‍ പ്രവേശനത്തിനായി ഓടേണ്ടത്.
തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുമൂലവും കിഴക്കന്‍ മേഖലയില്‍ മരങ്ങള്‍ വീണും യാത്രാ സൗകര്യം തടസപ്പെടുന്നത് കൊണ്ട് പ്ലസ് വണ്‍ പ്രവേശനത്തിന് ഒരു ദിവസം കൂടി എങ്കിലും നീട്ടേണ്ടത് അനിവാര്യമാണ്.
രണ്ടുദിവസം കൊണ്ട് തന്നെ പ്രവേശനം നടത്തിയതിനുശേഷം ഈ കുട്ടികളുടെ വിവരങ്ങളെല്ലാം ഓണ്‍ലൈനില്‍ കൃത്യതയോടെ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
മഴക്കെടുതി മൂലം ശരിയായ രീതിയില്‍ ഇന്റര്‍നെറ്റ് ലഭക്കാത്തത് വിവരങ്ങള്‍ കൃത്യമായി ഓണ്‍ലൈനില്‍ കൊടുക്കുവാനുള്ള അസൗകര്യം ഉണ്ടാക്കും. ഇത് അധ്യാപകരുടെയോ സ്കൂളിന്റെയോ മാത്രം പിഴവായി കണക്കാക്കുന്നത് ശരിയല്ല.
പ്രവേശനം നേടിയ കുട്ടികളുടെ വിവരങ്ങള്‍ നിലവില്‍ പ്രവേശനം അവസാനിക്കുന്ന തീയതിയില്‍ ഇന്നു വൈകുന്നേരം ആറിനു മുമ്പ് ചെയ്യണം എന്നതിലും മാറ്റം വരുത്തേണ്ടതുണ്ട്. കാരണം എല്ലാ സ്കൂളുകളും ഒരുമിച്ച് ചെയ്യാനിരിക്കുന്നത് കൊണ്ട് വിവരങ്ങള്‍ കൊടുക്കാന്‍ ഏറെ സമയം വേണ്ടിവരുന്നു. തൊട്ടടുത്ത ദിവസമായ ബുധനാഴ്ച രാവിലെ 11 വരെ അപ്ലോഡ് ചെയ്യാന്‍ സമയം നല്‍കുന്നത് ഏറെ അഭികാമ്യമാണ് .
അടുത്ത തിങ്കള്‍ മുതല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ സേ പരീക്ഷ തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ സപ്ലിമെന്ററി അലോട്ട്മെന്റ് ആദ്യത്തേതോ രണ്ടാമത്തതോ നടന്നതിനുശേഷം പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചാലും മതിയാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.