നഗരത്തിലെ ഗതാഗത പരിഷ്കരണങ്ങൾ പൂർണമായും നടപ്പിലാക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ
1568236
Wednesday, June 18, 2025 1:54 AM IST
കാഞ്ഞങ്ങാട്: നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണങ്ങൾ പൂർണമായും നടപ്പിലാക്കണമെന്ന് കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ (കെഎംഎ) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ഇപ്പോൾ ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നവും മൂലം ഉപഭോക്താക്കൾക്ക് വ്യാപാര സ്ഥാപനങ്ങളിലേക്കെത്താനും ഇടപാടുകൾ നടത്താനും കഴിയാത്ത നിലയാണെന്നും കടകൾക്ക് മുന്നിൽ നിർത്തിയിടുന്ന ഇടപാടുകാരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. വ്യാപാരി സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്കും നഗരത്തിലെ വ്യാപാരികളായിരുന്ന പാണ്ഡുരംഗ പൈ, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, ശ്യാമള, കൃഷ്ണൻ മമ്മീസ്, പി.വി. ഗുരുദാസ് എന്നിവർക്കും യോഗം അനുശോചനം അർപ്പിച്ചു.
കെഎംഎ പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ, സെക്രട്ടറി പി.വി. അനിൽ, ട്രഷറർ ഹാസിഫ് മെട്രോ, ഗിരീഷ് നായക്, കെ.ജെ. സണ്ണി, മാഹിൻ കോളിക്കര, ഹംസ പാലക്കി, സി. യൂസഫ് ഹാജി, ഷെരീക് കമ്മാടം, ശോഭന ബാലകൃഷ്ണൻ, ഷീജ മോഹനൻ, എച്ച്.ഇ. സലാം, എ. ബാബുരാജ്, നിത്യാനന്ദ നായക്, സമീർ ഡിസൈൻ, ഷെരീഫ് ഫ്രെയിം, ഷറഫുദ്ദീൻ, ഫൈസൽ സൂപ്പർ, പി. മഹേഷ് എന്നിവർ പ്രസംഗിച്ചു.