കാലിക്കടവിൽ വെള്ളക്കെട്ട്; വ്യാപാരികൾ കടകളടച്ചു
1567928
Tuesday, June 17, 2025 1:19 AM IST
കാലിക്കടവ്: കനത്ത മഴയിൽ വെള്ളം കയറി ദേശീയപാതയോരത്തെ കാലിക്കടവ് ടൗണിൽ വ്യാപാരികളും നാട്ടുകാരും ദുരിതത്തിലായി. ദേശീയപാത നിർമാണ ഭാഗമായി ഒരുക്കിയ സർവീസ് റോഡിലും ടൗണിലെ എരവിൽ റോഡ് ജംഗ്ഷന് സമീപവുമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.
ആഴ്ചകൾക്ക് മുമ്പ് പയ്യന്നൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് പരിസരത്തെ വ്യാപാരികളുടെയും ഓട്ടോ ഡ്രൈവർമാരുടെയും തൊഴിലിനെ ബാധിക്കുന്ന തരത്തിൽ സർവീസ് റോഡിൽ ഉണ്ടായ രീതിയിൽ വെള്ളക്കെട്ട് തിങ്കളാഴ്ച രാവിലെ വീണ്ടും രൂപപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള പഴയ ബസ് സ്റ്റോപ്പ് മുതൽ കെഎസ്ഇബി ഓഫീസിനടുത്തു വരെ വലിയ രീതിയിലുള്ള വെള്ളക്കെട്ട് പ്രദേശത്തെ 15 ൽപ്പരം വ്യാപാരികളുടെ വ്യാപാരം നിലക്കാൻ കാരണമായി.
കടയുടെ വരാന്ത വരെ വെള്ളം നിറഞ്ഞതോടെ കടകൾ ഓരോന്നായി വ്യാപാരികൾ അടക്കുകയായിരുന്നു. രാവിലെ തുറക്കുമ്പോൾ ചെറിയ തോതിലാണ് വെള്ളമുണ്ടായതെങ്കിൽ കുറച്ച് കഴിഞ്ഞ് ക്രമാതീതമായി വെള്ളമുയർന്നു. ഓവുചാൽ മുങ്ങി നീങ്ങിയ വെള്ളത്തിന്റെ ഒഴുക്ക് വ്യാപാരികളെയും നാട്ടുകാരെയും ഒരു പോലെ ദുരിതത്തിലാക്കി.
ദേശീയപാതാ നിർമാണ കരാർ കമ്പനി അധികൃതരുടെയും മേൽനോട്ടം വഹിക്കുന്നവരുടെയും അശ്രദ്ധയാണ് മഴ തുടങ്ങിയപ്പോഴേ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളമൊഴുകി എത്താൻ കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു.