പെർവാഡ് കടപ്പുറത്തെ ജിയോബാഗ് കടൽഭിത്തിയും കടലെടുത്തു
1568238
Wednesday, June 18, 2025 1:54 AM IST
കുമ്പള: കടലേറ്റം തടയാനുള്ള ജിയോബാഗ് പരീക്ഷണം ബേക്കൽ തൃക്കണ്ണാടിന് പിന്നാലെ കുമ്പള പെർവാഡ് കടപ്പുറത്തും പാളി. പെർവാഡ് കടപ്പുറത്ത് 150 മീറ്റർ ദൂരത്തിൽ 2023 ൽ നിർമിച്ച ജിയോബാഗ് കടൽ ഭിത്തിയുടെ പകുതി ഭാഗവും കഴിഞ്ഞ രണ്ട് ദിവസങ്ങൾകൊണ്ട് കടലെടുത്തു.
പ്ലാസ്റ്റിക് സംയുക്തമായ പോളിപ്രൊപ്പിലീൻ കൊണ്ട് നിർമിച്ച ജിയോബാഗുകളിൽ മണൽ നിറച്ച് അടുക്കിവച്ചാണ് കടൽഭിത്തി നിർമിച്ചത്. കടലേറ്റത്തിൽ ജിയോബാഗുകൾ പൊട്ടിപ്പൊളിഞ്ഞതോടെ കടലിൽ പ്ലാസ്റ്റിക് മാലിന്യം നിറയുന്ന അവസ്ഥയായി. അടുത്തുതന്നെ ചെറിയ കരിങ്കല്ല് കൊണ്ട് നിർമിച്ച കടൽഭിത്തിയും കഴിഞ്ഞ ദിവസം കടലെടുത്തു.
അതേസമയം കോയിപ്പാടി കടപ്പുറത്ത് വർഷങ്ങൾക്കുമുമ്പ് വലിയ കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച കടൽഭിത്തി കേടുകൂടാതെ നിലനിൽക്കുന്നുണ്ട്.