ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം; തെ​രു​വു​യോ​ഗ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Wednesday, October 16, 2019 1:03 AM IST
ത​ല​ശേ​രി: ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യു​ള്ള തെ​രു​വു യോ​ഗ​ങ്ങ​ൾ​ക്ക് എ​ടൂ​ർ ഫൊ​റോ​ന​യി​ൽ​നി​ന്ന് തു​ട​ക്ക​മാ​യി. നി​ല​നി​ൽ​പ്പി​നാ​യി പോ​രാ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് ക​ർ​ഷ​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​പ്ര​ശ്ന​ങ്ങ​ളി​ൽ സ​മൂ​ഹ മ​നഃ​സാ​ക്ഷി ഉ​ണ​ർ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 200 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന തെ​രു​വു​യോ​ഗ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന​ലെ തു​ട​ക്ക​മാ​യ​ത്.
എ​ടൂ​ർ, ചെ​ടി​ക്കു​ളം, വെ​ളി​മാ​നം, കീ​ഴ്പ​ള്ളി, ക​രി​ക്കോ​ട്ട​ക്ക​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന തെ​രു​വു യോ​ഗ​ങ്ങ​ളി​ലും പ്ര​ക​ട​ന​ങ്ങ​ളി​ലും ക​ർ​ഷ​ക പ്ര​തി​ഷേ​ധം ഇ​ര​മ്പി. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ അ​ണി​ചേ​ർ​ന്നു. ഈ ​മാ​സം 30 നു​ള്ളി​ൽ മ​റ്റ് 16 ഫൊ​റോ​ന​ക​ളി​ലെ 198 കേ​ന്ദ്ര​ങ്ങ​ളി​ലും തെ​രു​വു​യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച 250 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ക​ണ്ണീ​ർ​ച്ച​ങ്ങ​ല​യി​ൽ ര​ണ്ട​ര ല​ക്ഷം ആ​ളു​ക​ളാ​ണ് ക​ണ്ണി​ക​ളാ​യ​ത്.വി​ള​ക​ൾ​ക്ക് വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ക, ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക തു​ട​ങ്ങി 15 ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ, കോ​ട്ട​യം, ബ​ത്തേ​രി രൂ​പ​ത​ക​ളു​ടെ​യും വി​വി​ധ ക​ർ​ഷ​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ത്ത​ര മ​ല​ബാ​ർ പ്ര​ക്ഷോ​ഭ​സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്.