ശാസ്താംകോട്ട: ഇന്ത്യാ ഗവൺമെന്റിന്റെ അടൽ ഇന്നൊവേഷൻ പദ്ധതിയുടെ ഭാഗമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന് ലഭിച്ച അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. പരിശീലനത്തേക്കാൾ അനുഭവത്തിലൂടെയാണ് ഇന്നോവേഷൻ രൂപപ്പെടുന്നതെന്നും അത്തരത്തിൽ നമ്മുടെ വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരാനുള്ള സാധ്യതയാണിതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മാവേലിക്കര ഭദ്രാസന ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ നിർമിതമായ ഈ നൂതന സാങ്കേതിക വിദ്യയ്ക്കായി 1500 ചതുരശ്രയടി വിസ്തീർണമുള്ള മുറിയിൽ സ്വയം പ്രവർത്തിപ്പിച്ചു പഠിക്കാവുന്ന ഇലക്ട്രോണിക് കിറ്റുകൾ, ത്രീഡി പ്രിന്റർ, റോബോട്ടിക് കിറ്റ്, കോഡിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയ്ക്കുള്ള സജ്ജീകരണങ്ങൾ സ്കൂൾ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.
രാജ്യത്തെ അടൽ ലാബുകളിൽ നിന്നും പത്തുലക്ഷം ശാസ്ത്രസാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കുകയാണ് അടൽ ഇന്നോവേഷൻ പദ്ധതിയുടെ ലക്ഷ്യം. പ്രതിമാസ പ്രവർത്തനങ്ങൾ, ഇവന്റുകൾ, മത്സരങ്ങൾ, പരിശീലന പിന്തുണ, ഉറവിടങ്ങൾ, പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ, മാന്വലുകൾ എന്നിവയുള്ള ഒരു നിശ്ചിത ഫോർമാറ്റിലാണ് ലാബിന്റെ പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം പി. കെ. ഗോപൻ, ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ഡോ. ജി. എബ്രഹാം തലോത്തിൽ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാഫി, സ്കൂൾ പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസെന്റ്, പിടിഎ പ്രസിഡന്റ് ആർ. ഗിരികുമാർ, പഞ്ചായത്തംഗം പ്രകാശിനി, ഉല്ലാസ് കോവൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.