കൊല്ലം: ട്രോളിംഗ് നിരോധനവും മഴക്കാലവും മുന്‍നിറുത്തി ജില്ലയില്‍ വിവിധ രോഗങ്ങളുടെ വ്യാപനത്തിനെതിരെ സുശക്ത നടപടികളിലൂടെ ജാഗ്രത വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. ചേംബറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പകര്‍ച്ചരോഗ വ്യാപനനിലയും മുന്‍കരുതലുകളും വിലയിരുത്തി തുടര്‍ നടപടികള്‍ക്ക് രൂപം നല്കി.
ട്രോളിംഗ് നിരോധന വേളയില്‍ ജലജന്യരോഗങ്ങള്‍ പകരാതിരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. നിര്‍ദ്ദേശിക്കുന്ന നടപടികള്‍ ജൂണ്‍ 15നകം പൂര്‍ത്തീകരിക്കണം. ബോട്ടുകളിലും, ബോട്ട്ജെട്ടിയിലും ബോട്ടുകള്‍ക്ക് ചുറ്റുമുള്ള ടയറുകളിലും, യാര്‍ഡുകളിലും വെള്ളം കെട്ടിനിറുത്തരുത്. ഡെങ്കിപ്പനി പ്രതിരോധത്തിന് ഇതു പ്രധാനമാണ്. ടയറുകളില്‍ വെള്ളം കെട്ടാതിരിക്കാന്‍ ചുറ്റും ദ്വാരങ്ങള്‍ ഇടണം. ബോട്ടിനള്ളിലും ടാങ്കുകളിലും വെള്ളം തങ്ങുന്നതിന് ഇടയാക്കരുത്. നിരന്തര ശുചീകരണം അനിവാര്യം.
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 31 വരെ ശുചീകരണ ക്യാമ്പയിന് നടക്കും. 24ന് പൊതുസ്ഥല ശുചീകരണം, 26ന് സ്ഥാപനശുചീകരണം, 28ന് വീടുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കും.
ശുചിത്വ മിഷന് പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മസേനക്കും പ്രത്യേക പരിശീലന പരിപാടിയാണ് നടത്തുക. എല്ലാ വാര്‍ഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്.
ജില്ലയില്‍ 27 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 80 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ (ബ്രാക്കറ്റില്‍ വാര്‍ഡ് നം.)
താമരക്കുളം, ഉളിയക്കോവില്‍, തങ്കശ്ശേരി, തിരുമുല്ലവാരം, കടപ്പാക്കട, ഉദയ മാര്‍ത്താണ്ഡം പി. എച്ച്. സി പ്രദേശം, തേവലക്കരയിലെ (4, 10), കുലശേഖരപുരം (17), ചവറ (5,10,13), ഇളമ്പള്ളൂര്‍ (8), ഇട്ടിവ (3), തൃക്കരുവ (10),കെ. എസ്. പുരം (12,22), ആര്യങ്കാവ് (5,9), പാലത്തറ (32), അഞ്ചല്‍ (5,6,18), കുരീപ്പുഴ, കച്ചേരി, ചീവോട്, കമുകുംചേരി, കടശ്ശേരി, ചെക്കം.
നാല് എലിപ്പനി മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനി നിവാരണത്തിന്റെ ഭാഗമായി 23ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഡോക്സി വാഗണ്‍’ ക്യാമ്പയിന് ആരംഭിക്കും. വെള്ളം തങ്ങിനില്ക്കുന്ന പ്രദേശങ്ങള്‍, നിര്‍മാണ സ്ഥലങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങളുടെ പ്രവര്‍ത്തന സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ മരുന്നുവിതരണവും ബോധവല്‍ക്കരണ പരിപാടികളുമുണ്ടാകും എന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്.സന്ധ്യ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, ഹാര്‍ബര്‍ എന്‍ജിനീയര്‍ സുനില്‍ സാമുവല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ജോസ് കെ. ജോര്‍ജ്, ശക്തികുളങ്ങര മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.