മ​ഴ​ക്കെ​ടു​തി: 49 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം
Thursday, August 6, 2020 11:04 PM IST
കൊല്ലം: കഴിഞ്ഞദിവസമു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ 49 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. 125 ലേ​റെ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ഒ​രു വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഓ​രോ കി​ണ​റി​നും തൊ​ഴു​ത്തി​നും കേ​ടു​പാ​ടു​ക​ളു​ണ്ട്. കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത്. 55 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​തു​ള്‍​പ്പ​ടെ 35 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം കു​ന്ന​ത്തൂ​രു​ണ്ടാ​യി.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ല്‍ 52 വീ​ടു​ക​ളു​ടെ ഭാ​ഗി​ക ത​ക​ര്‍​ച്ച​യ​ട​ക്കം 12 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​വും പു​ന​ലൂ​രി​ലെ അ​റ​യ്ക്ക​ല്‍, ആ​ര്യ​ങ്കാ​വ്, ഇ​ട​മു​ള​യ്ക്ക​ല്‍, ആ​യി​ര​നെ​ല്ലൂ​ര്‍, ച​ണ്ണ​പ്പേ​ട്ട വി​ല്ലേ​ജു​ക​ളി​ലെ 16 വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​ത​ട​ക്കം ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​വു​മു​ണ്ടാ​യി.
പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ വി​ള​ക്കു​ടി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, പി​റ​വ​ന്തൂ​ര്‍, ത​ല​വൂ​ര്‍, പ​ത്ത​നാ​പു​രം വി​ല്ലേ​ജു​ക​ളി​ലെ 12 വീ​ടു​ക​ളാ​ണ് ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്ന​ത്. 2,40,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.
ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ലെ തേ​വ​ല​ക്ക​ര വി​ല്ലേ​ജി​ല്‍ മു​ള്ളി​ക്കാ​യ സ്വ​ദേ​ശി തു​ള​സി​യു​ടെ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴു​ക​യും അ​രി​ന​ല്ലൂ​ര്‍, പ​ടി​ഞ്ഞാ​റ്റ​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ വീ​ടു​ക​ള്‍​ക്കും ഒ​രു ക​ട​യ്ക്കും ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. 10500 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്.