കൊല്ലം: കേന്ദ്രസർക്കാരിന്റെ കർഷക-ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ബാങ്കുകളും തുറന്നില്ല. സർക്കാർ ഓഫീസുകളിൽ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഹാജരായത്.
സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ഓടിയില്ല. കെഎസ്ആർടിസി ബസുകളും സർവീസ് നടത്തിയില്ല. ടെന്പോ-ടാക്സി എന്നിവയും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു. നഗരപ്രദേശങ്ങൾ അടക്കം നിരത്തുകളും വിജനമായിരുന്നു. കയർ-കശുവണ്ടി ഫാക്ടറികളും വ്യവസായശാലകളും തുറന്നില്ല.
പല പ്രദേശങ്ങളിലും ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും അടക്കം അടഞ്ഞുകിടന്നു. അതേസമയം ട്രെയിൻ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചില്ല. പണിമുടക്ക് അനുകൂലികൾ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പണിമുടക്കുമായി ബന്ധപ്പെട്ട് ജില്ലയിൽ കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ചവറ: പൊതുപണിമുടക്ക് ദിനത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ചവറ ഐആർഇ കമ്പനി സാധാരണ നിലയിലും സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎംഎംഎൽ ഭാഗീകമായും പ്രവർത്തിച്ചു.
കെഎംഎംഎൽ കമ്പനിയിലെ 200, 300 പ്ലാന്റുകൾ പ്രവർത്തിച്ചു. എന്നാൽ പ്ലാന്റ് 400 പ്രവർത്തിച്ചില്ല. ചവറ നിയോജക മണ്ഡലത്തിൽ 80 ശതമാനം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. ചവറ തട്ടാശേരി കമ്പോളം പ്രവർത്തിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചില സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചു. ഓട്ടോ-ടാക്സികൾ ഭൂരിഭാഗവും നിരത്തിൽ ഇറങ്ങിയില്ല. പെട്രോൾ പമ്പുകൾ അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തിയില്ല.
കരുനാഗപ്പള്ളി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയപണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.
കടകമ്പോളങ്ങൾ പൊതുവേ അടഞ്ഞുകിടന്നു. ബാങ്കുകളും സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല. രാജ്യത്ത് ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്കിയ തൊഴിലാളികൾ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിൽ നടന്ന പ്രകടനത്തിനും യോഗത്തിനും സിഐടിയു ഏരിയാ സെക്രട്ടറി എ അനിരുദ്ധൻ, ഐഎൻടിയുസി നേതാവ് ചിറ്റുമൂല നാസർ, വി ദിവാകരൻ, കടത്തൂർ മൻസൂർ, ശശിധരൻപിള്ള, അബ്ദുൽസലാം അൽ ഹന, ശിഹാബ് എസ് പൈനുംമൂട്, റെജി ഫോട്ടോ പാർക്ക്, ബി വിനോദ് എന്നിവർ നേതൃത്വം നൽകി.
കൊട്ടാരക്കര: ദേശീയപണിമുടക്ക് കൊട്ടാരക്കര താലൂക്കിൽ പൂർണം. കെഎസ്ആർടിസി അടക്കമുള്ള പൊതുവാഹനങ്ങൾ സർവീസ് നടത്തിയില്ല. സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും തുറന്നു പ്രവർത്തിച്ചില്ല.
സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറക്കിയെങ്കിലും തടസപ്പെടുത്താനുള്ള ശ്രമങ്ങൾ ഒരിടത്തുമുണ്ടായില്ല. പുത്തൂർ, എഴുകോൺ, കുളക്കട, വാളകം, ചെങ്ങമനാട്, ഓടനാവട്ടം എന്നിവിടങ്ങളിലെല്ലാം പണിമുടക്ക് പൂർണമായിരുന്നു.
പണിമുടക്കിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊട്ടാരക്കരയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടന്നു. ചന്ത മുക്കിൽ നിന്നാരംഭിച്ച പ്രകടനം പുലമണിൽ സമാപിച്ചു. സിഐടിയു, എഐറ്റിയൂ സി, കെറ്റിയൂസി (ബി ). എസ് യൂ സി ഐ തുടങ്ങിയ ട്രേഡ് യൂണിയനുകളെ പ്രതിനിധികരിച്ചു നേതാക്കളായ ആർ.രവീന്ദ്രൻ നായർ, കെ.എസ്. ഇന്ദുശേഖരൻ നായർ, മുരളി മടന്തകോട്, സി. മുകേഷ്, എസ്.ആർ.രമേശ്, പി.കെ.ജോൺസൺ, ശങ്കരൻകുട്ടി, പെരുംകുളം സുരേഷ്, പ്രശാന്ത് കാവുവിള. വി.വിനോദ്, ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനാപുരം: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പട്ടണത്തിൽ പൂർണം. കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിച്ചില്ല. പുന്നലയിൽ തുറന്നു പ്രവർത്തിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖാ കോൺഗ്രസ് നേതാക്കൾ എത്തി പൂട്ടിച്ചു.