തിരുവല്ല: പാര്‍ട്ടിഫണ്ട് നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മന്നംകരച്ചിറയില്‍ ഹോട്ടലിനു നേരേ ആക്രമണം. സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടല്‍ ഉടമ പരാതിപ്പെട്ടു.
ഹോട്ടല്‍ നടത്തിപ്പുകാരായ നെയ്യാറ്റിന്‍കര സ്വദേശികളായ മുരുകന്, ഉഷ ദമ്പതികള്‍ക്ക് മര്‍ദനമേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ മന്നംകരച്ചിറ ജംഗ്ഷന് സമീപമുളള ശ്രീമുരുകന് ഹോട്ടലിലാണ് അതിക്രമമുണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോഡ്രൈവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു. 500 രൂപ പിരിവ് ചോദിച്ചെന്നും നല്കാന് ഹോട്ടലില്‍ ഇത്രയും പണം ഇല്ലായിരുന്നെന്നും ദമ്പതികള്‍ പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയതായി മുരുകന് പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പാര്‍ട്ടിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍ സംഭവം വിവാദമായതോടെ ഇന്നലെ പോലീസ് കേസെടുത്തു. പ്രദേശവാസികളായ കുഞ്ഞുമോന്, ലിജോ, കണ്ടാലറിയാവുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസ്.
സംഭവത്തെത്തുടര്‍ന്ന് മന്നംകരച്ചിറയിലെ ഹോട്ടലില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് ചാത്തങ്കേരി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്. ജയകുമാര്‍, സോമന് കല്ലേലി, റോജി കാട്ടാശേരി, ക്രിസ്റ്റഫര്‍ ഫിലിപ്പ്, ശ്രീജിത്ത് മുത്തൂര്‍, ജിജോ ചെറിയാന്, റെജി മണലില്‍, രാജു മണത്തറ എന്നിവരടങ്ങുന്ന കോണ്‍ഗ്രസ് സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി എ.വി. അരുണ്‍ പ്രകാശ്, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി വിജയ കുമാര്‍ മണിപ്പുഴ, മണ്ഡലം പ്രസിഡന്റ് അനീഷ് വര്‍ക്കി, വാര്‍ഡ് കൗണ്‍സിലര്‍ വിജയന് തലവന തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.