അന്പലപ്പുഴ: വികസനചിത്രം ഉയർത്തി ഭരണം നിലനിർത്താൻ എൽഡിഎഫും പിഎസ്്സിയും കടലുമായി ഒക്കെ ബന്ധപ്പെട്ട് സമീപകാലത്തുയർന്ന വിവാദങ്ങളെ മുൻനിർത്തി ഭരണം പിടിച്ചെടുക്കാൻ യുഡിഎഫും കച്ചകെട്ടിയിറങ്ങുന്പോൾ അന്പലപ്പുഴയിൽ ഇക്കുറി പോരാട്ടം പൊടിപാറും. എംഎൽഎയായതിൽ അഞ്ചിൽ മൂന്നുതവണയും തുടർച്ചയായി അന്പലപ്പുഴയിൽ നിന്നും വിജയിച്ചു കയറിയ മന്ത്രി ജി. സുധാകരൻ തന്നെ വീണ്ടും രംഗത്തിറങ്ങുമെന്നാണ് സൂചന.
മൂന്നുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചവരെ ഒഴിവാക്കാനുള്ള സിപിഎമ്മിലെ ആലോചനയിൽ സുധാകരന് ഇളവുകിട്ടിയേക്കുമെന്ന സൂചനയുള്ളതിനാൽ ഇടതിൽ മറ്റൊരു സ്ഥാനാർഥിയെ കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടില്ല. എങ്കിലും പി.പി. ചിത്തരഞ്ജൻ അടക്കമുള്ളവരുടെ പേരുകളും തയാറാക്കിയിട്ടുണ്ടെന്നാണ് സൂചന.
അതേസമയം യുഡിഎഫിൽ അരഡസൻ പേരുടെയെങ്കിലും പേരുകളും ഉയർന്നിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് എം. ലിജു, കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎമാരുമായ ഡി. സുഗതൻ, എ.എ. ഷുക്കൂർ, മുൻ ജില്ലാപഞ്ചായത്തംഗം എ.ആർ. കണ്ണൻ, യൂത്ത് കോണ്ഗ്രസ് നേതാവ് പ്രവീണ് തുടങ്ങി പേരുകൾ പലതാണ്. കഴിഞ്ഞതവണ യുഡിഎഫിനൊപ്പമുണ്ടായിരുന്ന എൽജെഡി മത്സരിച്ച ഇവിടെ ഇക്കുറി ജെഡിയു ഇടത്തോട്ടു പോയതിനാൽ ലീഗും സീറ്റ് ആവശ്യപ്പെടുന്നുണ്ട്. വെള്ളാപ്പള്ളിയടക്കം സുഗതനു വേണ്ടി രംഗത്തുണ്ടെന്നാണ് സൂചന. മുന്പ് എംഎൽഎ ആയിരുന്നപ്പോൾ കാലാവധി പൂർത്തിയാക്കുന്നതിന് മുന്പ് സ്ഥാനം പാതി വഴിയിൽ ഉപേക്ഷിച്ച പേരുദോഷം ഡി. സുഗതന് വിനയാകുമോയെന്ന ആശങ്കയും ഇല്ലാതില്ല. സുധാകരനെ നേരിടാൻ അവസാന നിമിഷം മണ്ഡലത്തിനു പുറത്തു നിന്നും ആളെത്തുമോയെന്നും പറയാനാകില്ല. ബിജെപി ജില്ലാ ഭാരവാഹി എൽ.പി. ജയചന്ദ്രനായിരുന്നു കഴിഞ്ഞ തവണത്തെ സ്ഥാനാർഥി. ഇക്കുറി ആരെത്തുമെന്നതും സംബന്ധിച്ചും കാര്യമായ ചർച്ചയിലേക്കെത്തിയിട്ടില്ല.
67ലും 70ലും എംഎൽഎ ആയ വി.എസ്. അച്യുതാനന്ദനാണ് ഇവിടുന്ന് ആദ്യം വിജയിച്ചു കയറിയത്. പിന്നീട് കെ.കെ. കുമാരപിള്ള(ആർഎസ്പി), പി.കെ. ചന്ദ്രാനന്ദൻ(സിപിഎം), വി. ദിനകരൻ(കോണ്ഗ്രസ്), സി.കെ. സദാശിവൻ (സിപിഎം), സുശീല ഗോപാലൻ(സിപിഎം), ഡി. സുഗതൻ(കോണ്ഗ്രസ്) എന്നിവരും വിജയിച്ചു കയറി. 2006മുതൽ മന്ത്രി ജി. സുധാകരൻ തന്നെയാണ് ഇവിടത്തെ എംഎൽഎ. ആലപ്പുഴ നഗരസഭയിലെ 20 മുതൽ 44 വരെയുള്ള ഡിവിഷനുകളും അന്പലപ്പുഴ നോർത്ത്, സൗത്ത്, പുന്നപ്ര നോർത്ത്, സൗത്ത്, പുറക്കാട് എന്നീ പഞ്ചായത്തുകളുമുൾപ്പെടുന്നതാണ് അന്പലപ്പുഴ നിയോജകമണ്ഡലം. നിലവിലെ ലഭ്യമായ കണക്കനുസരിച്ച് അന്പലപ്പുഴ മണ്ഡലത്തിൽ 84,362 പുരുഷ വോട്ടർമാരും 89,657 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറുമുൾപ്പടെ 1,74,020 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
2016-ലെ വോട്ടിംഗ് നില
ജി. സുധാകരൻ (സിപിഎം)-63,609
ഷേക്ക് പി. ഹാരിസ് (ജെഡി-യു)-40,448
എൽ.പി. ജയചന്ദ്രൻ(ബിജെപി)- 22,730
കെ.എസ്. ഷാൻ (എസ്ഡിപിഐ)-1622
ആർ. അർജുനൻ(എസ് യുസിഐ-സി)-1439
നാസർ എം. പൈങ്ങാമഠം(സ്വതന്ത്രൻ)-1053
എ. അൻസാരി(പിഡിപി)-931
നാസർ ആറാട്ടുപുഴ(ഡബ്ല്യുപിഒഐ)-878
നോട്ട-627
ജോസഫ് കുറ്റിക്കാടൻ (സ്വതന്ത്രൻ)-266
പി.ജി. സുഗുണൻ(സ്വതന്ത്രൻ)-231