മങ്കൊന്പ്: നെല്ലറയുടെ നാട്ടിൽ പുഞ്ചകൃഷി വിളവെടുപ്പിനു കർഷകർ തയാറെടുക്കുന്പോൾ, തെരഞ്ഞെടുപ്പിൽ വിജയം കൊയ്യാനുള്ള നിലമൊരുക്കലിലാണ് മുന്നണികളും രാഷ്ട്രീയപാർട്ടികളും. കമ്യൂണിസവും കേരള കോണ്‍ഗ്രസും തഴച്ചുവളർന്നുവന്ന മണ്ണിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയും കരുത്തറിയിച്ചിരുന്നു. ഹാട്രിക് വിജയം ആവർത്തിക്കാൻ എൽഡിഎഫ് കച്ചകെട്ടുന്പോൾ, നഷ്ടപ്പെട്ട സീറ്റ് വീണ്ടെടുക്കാനുള്ള പടയൊരുക്കത്തിലാണ് യുഡിഎഫ്. 2016 ലെ തെരഞ്ഞെടുപ്പിൽ കാട്ടിയ മികച്ച പ്രകടനം ഇത്തവണ വിജയത്തിലെത്തിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം.
1965 മുതൽ നടന്ന 13 തെരഞ്ഞെടുപ്പുകളിൽ വിജയം ഏറെയും എൽഡിഎഫിനൊപ്പമായിരുന്നു. എട്ടു തവണ ഇടതു സ്ഥാനാർഥികൾ വിജയിച്ചപ്പോൾ അഞ്ചുതവണ യുഡിഎഫ് പ്രതിനിധി നിയമസഭയിലെത്തി. എന്നാൽ കമ്യൂണിസവും കർഷകത്തൊഴിലാളി സംഘടനകളും വളർന്ന മണ്ണിൽ കമ്യൂണിസ്റ്റു പാർട്ടികൾക്ക് ഇതുവരെയും ജയിക്കാനായിട്ടില്ല. കമ്യൂണിസ്റ്റു പാർട്ടിക്കു മാത്രമല്ല യുഡിഎഫിലെ കാരണവരായ കോണ്‍ഗ്രസിനും കുട്ടനാട്ടിൽ സ്ഥാനാർഥികളെ വിജയിപ്പിക്കാനായിട്ടില്ല. ഇരു മുന്നണികളിൽ നിന്നും ഘടകകക്ഷികളായിരുന്നു വിജയം കൊയ്തിരുന്നത്. ഇരുമുന്നണികളിലുമായി ആറു തവണ വിജയിച്ച കേരള കോണ്‍ഗ്രസിനാണ് മണ്ഡലത്തിൽ ഏറ്റവുമധികം വേരോട്ടം.
ഇരു മുന്നണികളിലുമായി മത്സരിച്ച് അഞ്ചുതവണ വിജയിച്ച ഡോ. കെ.സി. ജോസഫാണ് പുതിയ കുട്ടനാടിന്റെ ശില്പിയെന്നറിയപ്പെടുന്നത്. 2006ൽ ഡിഐസിയിലൂടെയാണ് ഡോക്ടറിൽ നിന്നും തോമസ് ചാണ്ടി കുട്ടനാട് യുഡിഎഫിനായി തിരിച്ചുപിടിച്ചത്. പിന്നിട് 2011, 2016 തെരഞ്ഞടുപ്പുകളിൽ ഇടതുപാളയത്തിൽ നിലകൊണ്ട തോമസ് ചാണ്ടി വിജയം ആവർത്തിച്ചു. 2011 ൽ കേരള കോണ്‍ഗ്രസ്-എമ്മിനെ പ്രതിനിധീകരിച്ച ഡോ. കെ.സി. ജോസഫ് വീണ്ടും പരാജയപ്പെട്ടപ്പോൾ 2016 ൽ മാണി വിഭാഗത്തിലെ തന്നെ ജേക്കബ് ഏബ്രഹാമിനെയാണ് തോമസ് ചാണ്ടി പരാജയപ്പെടുത്തിയത്. തോമസ് ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് മാസങ്ങൾക്കു മുന്‍പ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഒടുവിൽ പൊതുതെരഞ്ഞെടുപ്പു പടിവാതിൽക്കലെത്തിയപ്പോൾ സ്ഥാനാർഥി നിർണയം സംബന്ധിച്ച് മുന്നണികളിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഉപതെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. യുഡിഎഫിൽ ജേക്കബ് ഏബ്രഹാമിന്റെ പേരും പാർട്ടി നേതൃത്വം അംഗീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. മാണി സി. കാപ്പന്റെ പാർട്ടി മാറ്റത്തെത്തുടർന്ന് എൻസിപിയിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. എൻസിപിക്കു തന്നെ കുട്ടനാട് സീറ്റു നൽകിയാൽ സീറ്റ് തോമസിനു തന്നെയാകാനാണ് സാധ്യത. തോമസ് തന്നെ ഇക്കാര്യം കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. എന്നാൽ സിപിഎം സീറ്റേറ്റെടുക്കണമെന്ന ആവശ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ പാർട്ടിയിൽ ഉയർന്നിരുന്നു. വിജയസാധ്യത കണക്കിലെടുത്ത് ഡോ. കെ.സി. ജോസഫ് കുട്ടനാട്ടിലേക്കു മടങ്ങിയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യുഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ചർച്ചകൾ നടന്നിട്ടില്ലെങ്കിലും കുട്ടനാടിന്റെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ കോണ്‍ഗ്രസിനും സീറ്റിൽ നോട്ടമുണ്ട്. എൻഡിഎയിലും സീറ്റുസംബന്ധിച്ച കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ ഘടകകക്ഷിയായ ബിഡിജെഎസിനായിരുന്നു സീറ്റ്. താരത്തിളക്കമുള്ള സ്ഥാനാർഥിയെയിറക്കിയാൽ ബിഡിജെഎസ് തന്നെ മൽസരിക്കാനാണ് സാധ്യത. തുഷാർ തന്നെ സ്ഥാനാർഥിയായി എത്താനുളള സാധ്യതയുമുണ്ട്. 2011 ലെ തെരഞ്ഞെടുപ്പിൽ നേടിയ 4395 വോട്ട് 2016 ൽ 33044 ആയി ഉയർത്താനായത് എൻഡിഎയ്ക്കും പ്രതീക്ഷ നൽകുന്നു.
ചന്പക്കുളം, എടത്വ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട്, വീയപുരം തുടങ്ങിയ പഞ്ചായത്തുകളുൾപ്പെടുന്നതാണ് മണ്ഡലം. 79,865 പുരുഷൻമാരും 85,392 സ്ത്രീകളുമടക്കം 1,65,257 വോട്ടർമാരാണ് കുട്ടനാട്ടിലുള്ളത്.