ചാരുംമൂട്: ഇരുചക്ര വാഹനത്തിൽ ഇന്ത്യ ചുറ്റിയ ദമ്പതികൾക്ക് ജന്മനാട്ടിൽ ആദരവോടെ വരവേൽപ് നൽകി. മാവേലിക്കര നൂറനാട് ഇടപ്പോൺ വിനോദ് ഭവനം വിനോദ്കുമാർ, ഭാര്യ മീരാ വിനോദ് എന്നിവരെയാണ് ജന്മനാട്ടിൽ ആദരിച്ചത്. ബുള്ളറ്റിൽ ദീർഘദൂര യാത്ര നടത്തി കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിൽ മടങ്ങിയെത്തിയത്. മേയ് ഒൻപതിന് ഇടപ്പോണിൽ നിന്നു യാത്ര പുറപ്പെട്ട ഇവർ 40 ദിവസത്തിൽ 7300 കിലോമീറ്ററുകൾ താണ്ടിയാണ് ലഡാക്ക് വരെ സഞ്ചരിച്ച് മടങ്ങിയെത്തിയത്.
തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ജമ്മുകാശ്മീർ എന്നിവിടങ്ങളിലൂടെയാണ് ലഡാക്കിൽ എത്തിച്ചേർന്നത്. സാംസ്കാരിക കൂട്ടായ്മയായ സൂര്യ യുവജന ശക്തിയുടെ ആഭിമുഖ്യത്തിലായിരുന്നു ദമ്പതികൾക്ക് ആദരവൊരുക്കിയത്. എം.എസ്. അരുൺ കുമാർ എംഎൽഎ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ രാധാലയം, സ്വപ്ന സുരേഷ്, കെ.കെ.ഷാജു, കെ.കെ. അനൂപ്, സ്റ്റാൻലിൻ തുടങ്ങിയവർ പ്രസംഗിച്ചു.