ചേര്‍ത്തല: ക്രിസ്തുവിന്റെ പീഠാനുഭവ സ്മരണ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തങ്കി ഫൊറോനാ പള്ളിയില്‍ പതിനായിരങ്ങള്‍ എത്തി കൊണ്ടിരിക്കുന്നു. ഏഴു വര്‍ഷത്തിനുശേഷം പുറത്തിറക്കുന്ന അദ്ഭുത തിരുസ്വരൂപം തൊട്ടുവണങ്ങാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ പതിനായിരങ്ങളാണ് ഇന്നലെ മുതല്‍ പളളിയങ്കണത്തില്‍ കാത്തുനിന്നത്.
ഇന്നലെ രാത്രി 12 ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദേവാലയത്തിന്റെ വലതുഭാഗത്തെ ഗ്ലാസ് പേടകത്തില്‍നിന്ന് പ്രത്യേക പ്രാര്‍ഥനകളോടെ തിരുസ്വരൂപം പുറത്തിറക്കി പള്ളിയങ്കണത്തെ മുല്ലപ്പൂന്തലില് പ്രതിഷ്ഠിച്ചു. കൊച്ചി രൂപതയിലെ വിവിധ ദേവാലയങ്ങളിലെ വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. ഇന്നുരാത്രി 12 വരെ വിശ്വാസികള്‍ക്ക് തിരുസ്വരൂപംതൊട്ടു വണങ്ങാവുന്നതാണ്. ഇന്നലെ വൈകുന്നേരം ദിവ്യബലിക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം നടന്ന മാനവമൈത്രീ ദീപകാഴ്ച ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് അനില്‍കുമാര്‍ അഞ്ചംതറ, തങ്കിക്കവല മസ്ജിദ് കമ്മറ്റിയംഗം എം.എ. കരിം, ഫാ. ബെന്നി തോപ്പിപറമ്പില്‍, ഫാ. സിബി കിടങ്ങേത്ത്, മേരിക്കുഞ്ഞ്, കേന്ദ്രസമിതി സെക്രട്ടറി ജോര്‍ജ് ആന്റണി കലയിരുപ്പില് എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച നേര്‍ച്ചക്കഞ്ഞി വിതരണം ഇന്ന് രാത്രി 12 വരെ തുടരും. പിടിയരി സമര്‍പ്പണം, മലര് നേര്‍ച്ച, നേര്‍ച്ച പായസം, പാച്ചോര്‍ നേര്‍ച്ച എന്നിവയ്ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നുരാവിലെ മുതല്‍ കുരിശിന്റെ വഴി, 10 ന് കല്ലറജപം, 11 ന് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തി വീട്ടില്‍, ധിവിനജോയ് എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന പുത്തന്‍ പാന, മൂന്നുമുതല്‍ പീഠാനുഭവ ശുശ്രൂഷകള്‍, നാലിന് പീഠാനുഭവ പ്രസംഗം, അഞ്ചിന് നഗരി കാണിക്കല്‍, രാത്രി 10 ന് കുരിശിന്റെ വഴി, കല്ലറജപം. രാത്രി 12 ന് കബറടക്കം. 30ന് രാത്രി 11 ന് തീ, തിരി, വെള്ളം വെഞ്ചരിപ്പ്, ഉയിര്‍പ്പ് കുര്‍ബാന. ഞായര്‍ രാവിലെ ഏഴിനും 8.30 നും ദിവ്യബലി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസും, ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് വഴിയും തങ്കിയിലേക്ക് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തങ്കിയില്‍ താത്കാലിക ഡിപ്പോയും പ്രവര്‍ത്തിക്കുന്നുണ്ട്.