വിളവെടുപ്പനന്തര നഷ്ടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും: മന്ത്രി പി. പ്രസാദ്
1549289
Friday, May 9, 2025 10:48 PM IST
പൂഞ്ഞാര്‍: ഫലവൃക്ഷ കൃഷിയില്‍ വിളവെടുപ്പനന്തര നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നു മന്ത്രി പി. പ്രസാദ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഫലവൃക്ഷ കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കൃഷിവകുപ്പും സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനും പൂഞ്ഞാര്‍ എംഎല്‍എ സര്‍വീസ് ആര്‍മിയും ചേര്‍ന്ന് നടപ്പാക്കുന്ന ഫലസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞവര്‍ഷം 1500 കോടി രൂപയോളം വിളവെടുപ്പനന്തര നഷ്ടമുണ്ടായി എന്നാണു കണക്കാക്കുന്നത്. ശീതീകരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സൃഷ്ടിച്ചും ഈ നഷ്ടം നികത്താന്‍ സാധിക്കും. എളുപ്പത്തില്‍ കേടുവന്നുപോകുന്ന പാളയംകോടന് പഴം പോലുള്ള ഫലവര്ഗങ്ങളില്നിന്നു വൈന്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കാര്‍ഷിക സര്‍വകലാശാല കണ്ടുപിടിച്ചിട്ടുണ്ട്.
കൃഷിക്കാര്‍ക്കും ഇതുപകരിക്കുന്ന രീതിയില്‍ ലൈസന്‍സ് ചട്ടങ്ങളിലടക്കം മാറ്റം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൃഷിരീതികള്‍ സ്മാര്‍ട്ടാകുന്ന സ്മാര്‍ട്ട് ഫാമിംഗിലേക്ക് മാറാനുള്ള നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചുവടുവച്ചിരിക്കുന്നത്. അതിനായി ഒരുക്കിയിട്ടുള്ള കതിര് ആപ്പ് ഉടന്‍ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
തിടനാട് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനത്തിൽ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ പൊട്ടനാനിയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് മാത്യു അത്യാലില്‍, രേഖാ ദാസ്, ബിജോയ് ജോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആര്. അനുപമ, ഷോണ്‍ ജോര്‍ജ്, ജില്ലാ കൃഷി ഓഫീസര്‍ സിജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മീന മാത്യൂ, അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വതി വിജയന്, ഫലസമൃദ്ധി ചീഫ് കോ-ഓർഡിനേറ്റര്‍ ജോര്‍ജ് ജോസഫ്, ബ്ലോക്ക്-പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പ്രസംഗിച്ചു.