കിണറ്റിലെ കുടിവെള്ളത്തില്‍ ദ്രാവക രൂപത്തിലുള്ള കീടനാശിനി ഒഴിച്ച് കുടുംബാംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമം
1549492
Saturday, May 10, 2025 7:08 AM IST
കടുത്തുരുത്തി: കിണറ്റിലെ കുടിവെള്ളത്തില്‍ ദ്രാവക രൂപത്തിലുള്ള കീടനാശിനി ഒഴിച്ച് കുടുംബാംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഞീഴൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട കാഞ്ഞിരംപാറ മാവേലില്‍ എം.ടി. പൗലോസി(ബാബു-60)ന്റെ വീട്ടിലെ കിണറ്റിലാണ് കഴിഞ്ഞദിവസം സാമൂഹികവിരുദ്ധര്‍ കീടനാശിനി ഒഴിച്ചത്.
കിണറിലെ മലിനമായ വെള്ളം വറ്റിച്ച് കിണര്‍ വൃത്തിയാക്കിയാല്‍ മാത്രമേ കുടുംബത്തിന് കിണര്‍ വെള്ളം ഉപയോഗിക്കാനാകൂ. പൗലോസും കുടുംബവും മരണാനന്തര ചടങ്ങിനായി തൃശൂരില്‍ പോയി തിരികെ രാത്രിയിലാണ് വീട്ടില്‍വന്നത്. ടാങ്കിലെ വെള്ളം തീര്‍ന്നതിനെത്തുടര്‍ന്ന് മോട്ടോര്‍ അടിച്ചപ്പോള്‍ പൈപ്പിലൂടെ ലഭിച്ച വെള്ളം പൗലോസിന്റെ ഭാര്യ ലീലാമ്മ കുടിക്കാനെടുത്തപ്പോഴാണ് ദുർഗന്ധം അനുഭവപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറിനുള്ളിലെ വെള്ളത്തില്‍ കീടനാശിനി ഒഴിച്ചതാണ് വെള്ളം മോശമാകാന്‍ കാരണമെന്ന് വീട്ടുകാര്‍ക്ക് മനസിലായത്. ബാബുവും ഭാര്യയും കൂടാതെ മകനും വിവാഹിതയായ മകളും ഇവരുടെ രണ്ട് കൊച്ചുകുട്ടികളുമാണ് വീട്ടില്‍ താമസം.
ഞീഴൂര്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പ് അധികൃതരേയും വിവരം അറിയിച്ചതായി പൗലോസ് പറഞ്ഞു. സംഭവം സംബന്ധിച്ച് പൗലോസിന്റെ മകള്‍ എം.പി. ലിബിയ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.