മാന്നാനം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്കുവേണ്ടിയുള്ള 21-ാമത് വോളിബോൾ ടൂർണമെന്റിനും, 17-ാമത് ബാസ്കറ്റ്ബോൾ ടൂർണമെന്റിനും തുടക്കമായി. ആണ്‍കുട്ടികളുടെ വിഭാഗം വോളിബോൾ മത്സരങ്ങളിൽ എസ്എൻഡിപി എച്ച്എസ്എസ് പാലിശേരി, സിഎച്ച്എസ്എസ് ചന്ദ്രാപ്പിന്നിയെ നേരിട്ടുള്ള മൂന്ന് സെറ്റിനും (സ്കോർ: 25-16, 25-18, 25-20), സാന്തോം എച്ച്എസ്എസ് കണ്ണൂർ, എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് നാട്ടികയെയും (സ്കോർ: 27-25, 25-23, 12-25, 20-25, 15-13), എസ്എസ്എം എച്ച്എസ്എസ് കൊടുങ്ങല്ലൂർ, സെന്റ് ജോർജ് എച്ച്എസ്എസ് വാഴത്തോപ്പിനെയും (സ്കോർ: 25-23, 19-25, 22-25, 25-22, 15-12), പേരാമംഗലം എസ്ഡിവി എച്ച്എസ്എസ്, ഗവണ്മെന്റ് എച്ച്എസ്എസ് കിഴക്കഞ്ചേരിയെയും (സ്കോർ: 22-25, 25-14, 25-13, 25-18) പരാജയപ്പെടുത്തി.
ആണ്‍കുട്ടികളുടെ വിഭാഗം ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ കോട്ടയം ഗിരിദീപം എച്ച്എസ്എസ് കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസിനെ(53-44)യും, കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് കോട്ടയം കുര്യനാട് സെന്റ് ആൻസിനെ (50-29) യും, പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച്എസ്എസ് എക്സൽസിയർ ഇംഗ്ലീഷ് സ്കൂളിനെ ( 47-26)യും പരാജയപ്പെടുത്തി. ആതിഥേയരായ മാന്നാനം കെഇ സ്കൂൾ വാശിയേറിയ മറ്റൊരു മത്സരത്തിൽ പുനലൂർ ഓക്സ്ഫോർഡ് സെൻട്രൽ സ്കൂളിനെ (39-32) പരാജയപ്പെടുത്തി. ഇന്നത്തെ വോളിബോൾ ബാസ്കറ്റ്ബോൾ മത്സരങ്ങൾ രാവിലെ ഏഴിനു ആരംഭിക്കുമെന്നു സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജയിംസ് മുല്ലശേരി സിഎംഐ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ന് അർജുന അവാർഡ് ജേതാവും, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും, റിട്ട. പോലീസ് സൂപ്രണ്ടുമായ കെ.സി. ഏലമ്മ ടൂർണമെന്റുകൾ ഉദ്ഘാടനം ചെയ്തു. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ ഫാ. സ്കറിയ എതിരേറ്റ് സിഎംഐയുടെ അധ്യക്ഷത വഹിച്ചു. അതിരന്പുഴ പഞ്ചായത്തംഗം സൗമ്യാ വാസുദേവൻ ടൂർണമെന്റിനു പതാക ഉയർത്തി. ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ, കേരള സ്റ്റേറ്റ് ഒളിംപിക്സ് അസോസിയേഷൻ മെന്പറും കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ മെന്പറുമായ ഡോ. സണ്ണി വി. സക്കറിയ, കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഫിബ കമ്മീഷണറും കേരള സ്റ്റേറ്റ് ഒളിംപിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഡോ. പ്രിൻസ് കെ. മറ്റം, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.എച്ച്. ജബ്ബാർ, സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, പിടിഎ പ്രസിഡന്റ് ജോമി മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ചാൾസ് മുണ്ടകത്തിൽ സിഎംഐ, ഷാജി ജോർജ്, ഹെഡ്മാസ്റ്റർ കെ.ഡി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.