നെടുങ്കണ്ടം: അറുപത്തിയാറ് വയസ് പൂർത്തിയായിട്ടും പട്ടംകോളനിക്കാരുടെ സ്വന്തം പഞ്ചായത്തെന്ന സ്വപ്നം യാഥാർഥ്യമായില്ല. ഇടുക്കി ജില്ലയിലെ കുടിയേറ്റത്തിന്റെ ചരിത്ര സ്മാരകമായ കല്ലാർ പട്ടംകോളനി 66 -ാം പിറന്നാളിന്റെ നിറവിലാണ്. കൃഷിചെയ്യാൻ ഭൂമിയില്ലാത്തവന് അരയണയുടെ അപേക്ഷാഫോമിലൂടെ കിട്ടിയ അഞ്ചേക്കർ പട്ടയഭൂമി, അതാണ് പട്ടംകോളനിയുടെ ലഘുചരിത്രം.
1955 ജനുവരി 20-ന് രൂപീകരിച്ച പട്ടംകോളനി നെടുങ്കണ്ടം, കരുണാപുരം, പാന്പാടുംപാറ പഞ്ചായത്തുകളിലായാണ് സ്ഥിതിചെയ്യുന്നത്.
കഷ്ടപ്പാടിന്റെ നടുവിൽ മനക്കരുത്ത് കുത്തി മണ്ണിൽ പൊന്നുവിളയിച്ച കർഷകർ ഇന്നും വികസനത്തിനായി കാത്തിരിക്കുകയാണ്.
പട്ടംകോളനി രൂപീകരണ കാലം മുതലുള്ള ആവശ്യമാണ് പട്ടംകോളനി പഞ്ചായത്ത് എന്നത്. ഇതിനായി പുതിയ തലമുറ ഒട്ടേറെ പരിശ്രമങ്ങൾ നടത്തി. ഒടുവിൽ അഞ്ചുവർഷം മുന്പ് പട്ടംകോളനി പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ചില പ്രാദേശിക ഇടപെടലുകൾ ഇതിന് വിലങ്ങുതടിയാകുകയായിരുന്നു.
പട്ടംകോളനിയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ആസ്ഥാനങ്ങളിൽ എത്തണമെങ്കിൽ അഞ്ചുമുതൽ 15 കിലോമീറ്റർവരെ സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. ഗ്രാമീണ മേഖലകളിൽനിന്നും പഞ്ചായത്ത് ഓഫീസിൽ എത്തി തിരികെ വീടുകളിൽ എത്തിച്ചേരാൻ ഒരുദിവസത്തോളം വേണ്ടിവരും.
മൂന്നു പഞ്ചായത്തുകളിലായി വിഭജിച്ചുകിടക്കുന്നതിനാൽ വിവിധ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന മുണ്ടിയെരുമ, തൂക്കുപാലം, രാമക്കൽമേട്, ബാലഗ്രാം തുടങ്ങിയ മേഖലകളുടെയും ഗ്രാമീണ റോഡുകളുടെയും വികസനവും മുരടിച്ചുകിടക്കുകയാണ്.
22 വാർഡുകളുള്ള നെടുങ്കണ്ടം പഞ്ചായത്തിൽനിന്നും എട്ട്, ഒന്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് വാർഡുകൾ പൂർണമായും പതിനാല്, ഏഴ് വാർഡുകൾ ഭാഗീകമായും, 16 വാർഡുകളുള്ള പാന്പാടുംപാറ പഞ്ചായത്തിൽനിന്നും നാലാം വാർഡ് പൂർണമായും രണ്ട്, മൂന്ന്, അഞ്ച്, ആറ് വാർഡുകൾ ഭാഗീകമായും 17 വാർഡുകളുള്ള കരുണാപുരം പഞ്ചായത്തിൽനിന്നും ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ പൂർണമായും നാല്, അഞ്ച് വാർഡുകൾ ഭാഗീകമായും ഉൾപ്പെടുത്തിയാണ് പട്ടംകോളനി പഞ്ചായത്ത് രൂപീകരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നത്.
എന്നാൽ, തീരുമാനം ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.