പോത്ത്, ആന, പുലി, പന്നി... ! മാങ്കുളംകാർ മടുത്തു!
അടിമാലി: ഒരു വശത്ത് പോത്ത്, മറുവശത്ത് ആന, പിന്നെ പുലി, പന്നി, മയിൽ... അങ്ങനെ വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ഇടുക്കിയിലെ മാങ്കുളം നിവാസികൾ. നാലു വശവും വനത്താൽ ചുറ്റപ്പെട്ട മാങ്കുളം പഞ്ചായത്തിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്.
ഒടുവിൽ മയിലും
പോത്ത്, ആന, പുലി, പന്നി തുടങ്ങിയവ പതിവായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയാണെന്നു നാട്ടുകാർ പറയുന്നു. ദിവസവും എതെങ്കിലും വന്യമൃഗങ്ങൾ കൃഷിക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്ന സ്ഥിതിയാണ്. ഏറ്റവുമൊടുവിൽ മയിൽ ശല്യവും കൂടിയായതോടെ ജീവിതം ദുഷ്കരമായ സ്ഥിതിയിലാണ് മനുഷ്യർ. ഒരു മാസത്തിനിടെ നാലു നായ്കളെയും ആടിനെയും പുലി കൊണ്ടുപോയി.
പുലി ഭീഷണി
പലേടത്തും ജനവാസ കേന്ദ്രങ്ങളിൽ പുലിയുടെ കാൽപാടുകൾ കാണാം. ചില ആദിവാസി കോളനികളോടു ചേർന്നു കടുവയും എത്തുന്നതായി ആദിവാസികൾ പറയുന്നു. ഈ വർഷം 2000 ഏക്കറിലേറെ കൃഷി കാട്ടാനയും കാട്ടുപന്നിയും നശിപ്പിച്ചു. ഏലം, തെങ്ങ്, കവുങ്ങ്, ജാതി, വാഴ, മരച്ചീനി, കിഴങ്ങ് വർഗങ്ങൾ മുതലായവയാണ് വന്യമൃഗങ്ങൾ നശിപ്പിച്ചത്. വീടുകൾക്കും മനുഷ്യജീവനും ഭീഷണിയായി വന്യമൃഗങ്ങൾ മാറിയിട്ടും ഇവയെ തുരത്താൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
വനംവകുപ്പ് അറിയുന്നില്ലേ
ഒരു ഡിഎഫ്ഒ, രണ്ട് റേഞ്ച് ഓഫീസർമാർ ഉൾപ്പെടെ ഒരു പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന പഞ്ചായത്താണ് മാങ്കുളം. അടുത്തിടെയായി കാട്ടുപോത്തുകളും ജനവാസ കേന്ദ്രങ്ങളിലൂടെ ചുറ്റിത്തിരിയുന്നുണ്ട്.
മാങ്കുളത്തു പടിപടിയായി ഒരോ കൃഷിയും പടിയിറങ്ങാൻ കാരണം വന്യജീവി ശല്യമാണ്. നെൽകൃഷി ഏതാണ്ട് പൂർണമായി നിലച്ചു. കവുങ്ങ്, തെങ്ങ് കൃഷിയും 80 ശതമാനം കുറഞ്ഞു. മരച്ചീനി കൃഷിയും 50 ശതമാനത്തിലേക്കു ചുരുങ്ങി.
ഇഞ്ചികൃഷിയും നാമമാത്രമായി. ഏലവും കുരുമുളകുമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കുന്നത്. ജനജീവിതം സുഗമമാക്കാൻ വനംവകുപ്പ് ജാഗ്രത പുലർത്തണമെന്നും മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.