മദ്യം മോഷ്ടിച്ച യുവാക്കളെ പിടികൂടി
1573854
Monday, July 7, 2025 11:19 PM IST
കുമളി: കുമളി ചെളിമടയിലുള്ള ബിവറേജ് കോർപറേഷന്റെ മദ്യവിൽപ്പനശാലയിലെ പ്രീമിയം കൗണ്ടറിൽനിന്നു മദ്യം മോഷ്ടിച്ചവരെ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തിരക്കുള്ള സമയത്തെത്തിയ പ്രതികൾ സിസിടിവി കാമറകളിൽപ്പെടാതിരിക്കാൻ വിദഗ്ധമായി മോഷണം നടത്തിയെങ്കിലും ജീവനക്കാരിയുടെ കണ്ണ് വെട്ടിക്കാനായില്ല. ബിൽ കൗണ്ടറിൽ ബീയറുമായി എത്തിയ രണ്ട് യുവാക്കളിൽ ഒരാളുടെ അരയിൽ ഒളിപ്പിച്ചിരുന്ന മദ്യം ജീവനക്കാരിയും ജീവനക്കാരനും ചേർന്ന് പിടിച്ചെടുക്കുകയായിരുന്നു. സിസിടിവിയിലും മോഷണം പതിഞ്ഞിട്ടുണ്ട്.
വിലകൂടിയ മദ്യമാണ് മോഷ്ടാക്കൾ അരയിൽ തിരുകിയത്. മോഷണം കാമറയിൽ പതിയാതിരിക്കാൻ മുന്നിലും പിന്നിലുമായി മോഷ്ടാക്കൾ നിന്നശേഷം മുന്നിൽ നിന്നയാൾ പിന്നിൽ ചേർന്നുനിന്ന ആൾക്ക് മദ്യക്കുപ്പി നൽകുകയായിരുന്നു.
ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ ഒരു ബിയർ എടുത്ത് ബില്ലടിച്ച് ഇറങ്ങാനാണ് ഇവർ ശ്രമിച്ചത്. ഈ സമയം ഔട്ട്ലെറ്റിലെ വനിതാ ജീവനക്കാരിക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി മറ്റു ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.