അമ്മമാർക്കു വേണ്ടത് ഭാവാത്മക സമീപനം: മാർ മഠത്തിക്കണ്ടത്തിൽ
1573310
Sunday, July 6, 2025 3:46 AM IST
മൂവാറ്റുപുഴ: നിഷേധാത്മക സമീപനമല്ല, മറിച്ച് ഭാവാത്മക സമീപനമാണ് അമ്മമാർക്ക് ഉണ്ടാകേണ്ടതെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നിർമല എച്ച്എസ്എസിൽ നടന്ന മാതൃവേദി രൂപത പ്രവർത്തനവർഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഉപദേശമല്ല, മാതൃകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. കുറ്റങ്ങൾ കണ്ടെത്തുന്ന സമീപനം ഉപേക്ഷിച്ച് നമ്മിലും മറ്റുള്ളവരിലും നന്മ കണ്ടെത്തുന്ന ജീവിതശൈലിയിലേക്ക് കടന്നുവരണമെന്നും ബിഷപ് പറഞ്ഞു.
ചടങ്ങിൽ രൂപത പ്രസിഡന്റ് ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ.ഡോ.ആന്റണി പുത്തൻകുളം ആമുഖപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി വികാരി റവ.ഡോ. മാനുവൽ പിച്ചളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രവർത്തനവർഷ മാർഗരേഖ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് സെലിൻ ലൂയിസ്, ആനിമേറ്റർ സിസ്റ്റർ ആനി തെരേസ, സെക്രട്ടറി ജൂഡി ഡാലു, പ്രീത ജോണി, സിജി ജോമി, സിൽജ ജോളി, മിനി ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.