വനമഹോത്സവത്തിൽ പങ്കാളികളായി വിദ്യാർഥികളും
1572723
Friday, July 4, 2025 5:18 AM IST
ഇടുക്കി: വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇടുക്കി വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച വനമഹോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികളും. ഇടുക്കി ഗവ. നഴ്സിംഗ് കോളജിലെ നവാഗതരായ വിദ്യാർഥികളെ പങ്കെടുപ്പിച്ച് തോട്ടാപുരയിൽ പരിസ്ഥിതി ബോധവത്കരണവും ഔഷധസസ്യത്തോട്ടം, നക്ഷത്രവനം സന്ദർശനവും നടത്തി.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ വനപാലകർക്കൊപ്പം 1,000 വിത്തുണ്ടകൾ നിർമിക്കുന്നതിലും പങ്കാളികളായി. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് നടപ്പാക്കിവരുന്ന മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായ വിത്തൂട്ട് പരിപാടിക്കായാണ് വിത്തുണ്ട നിർമാണവും നിക്ഷേപിക്കലും നടത്തുന്നത്.
കാട്ടാനകൾക്കും മറ്റു വന്യമൃഗങ്ങൾക്കും കാടിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകുന്ന പന, കാട്ടുമാവ്, കാട്ടുപ്ലാവ്, ഞാവൽ തുടങ്ങിയ വൃക്ഷങ്ങളുടെ വിത്തുകളാണ് വിത്തുണ്ട നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.സി. ആനന്ദൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ അബ്ദുൾ ഷുക്കൂർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടോം ജോസ് എന്നിവർ നേതൃത്വം നൽകി.