ചിന്നക്കനാൽ ജനവാസമേഖലയിൽ പുലിയിറങ്ങി
1572717
Friday, July 4, 2025 5:18 AM IST
രാജാക്കാട്: ചിന്നക്കനാലിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. പ്രദേശവാസിയായ രാജപാണ്ടിയുടെ വളർത്തുനായയെ പുലി പിടിച്ചു. ഒരാഴ്ചയായി തോട്ടംമേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്നു നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ചിന്നക്കനാൽ പവർഹൗസ് സ്വദേശി രാജപാണ്ടിയുടെ വളർത്തു നായയെ പുലിയാക്രമിച്ചത്. വീടിന്റെ പരിസരത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. ഒരാഴ്ച മുൻപ് തോട്ടം മേഖലയിൽ പുലിയെ നാട്ടുകാർ കാണുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
തോട്ടംമേഖലയിൽ പുലിയിറങ്ങിയതായി ചൂണ്ടിക്കാട്ടി വനംവകുപ്പിൽ പരാതി സമർപ്പിച്ചിട്ടും പുലിയെ തുരത്താൻ നടപടി സ്വീകരിച്ചിട്ടില്ലെന്നാണു നാട്ടുകാരുടെ ആരോപണം.
ചക്കക്കൊമ്പൻ അടക്കമുള്ള കാട്ടാനകളുടെ സാന്നിധ്യം പതിവായുണ്ടാകുന്ന മേഖലയാണ് ചിന്നക്കനാൽ. ആനകൾ ഉയർത്തുന്ന ഭീഷണിക്കു പിന്നാലെയാണ് ഇപ്പോൾ പുലിയും ജനവാസമേഖലയിൽ ഭീതിപരത്തുന്നത്.