കിഴുകാനം കാട്ടിറച്ചിക്കേസ് - പോലീസ് നൽകിയ കുറ്റപത്രം കോടതി സ്വീകരിച്ചു
1572015
Tuesday, July 1, 2025 11:42 PM IST
ഉപ്പുതറ: കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന കേസിൽ പോലീസ് നൽകിയ കുറ്റപത്രം തൊടുപുഴ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. ഉപ്പുതറ പോലീസ് രജിസ്റ്റർ ചെയ്ത ( ക്രൈം 703/2003) കേസിൽ അന്വേഷണം പൂർത്തിയാക്കി പീരുമേട് ഡിവൈഎസ്പിയാണ് കഴിഞ്ഞ 13ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കിഴുകാനം മുൻ സെക്ഷൻ ഫോറസ്റ്റർ ടി. അനിൽകുമാർ ഒന്നാം പ്രതിയും, ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ (ഡിഎഫ്ഒ) ബി. രാഹുൽ 11-ാം പ്രതിയായുമാണ് പോലീസ് കുറ്റപത്രം നൽകിയത്.
അന്വേഷണം നടക്കുന്നതിനിടെ മരിച്ച വനം വകുപ്പ് വാച്ചർ ഭാസ്കരൻ ഒൻപതാം പ്രതിയായി പട്ടികയിലുണ്ട്. ഐപിസിയിൽ 15 ഉം, പട്ടികജാതി - പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം അഞ്ചും വകുപ്പുകൾ ചേർത്താണ് പോലീസ് കുറ്റപത്രം തയാറാക്കിയത്. 2022 സെപ്റ്റംബർ 20നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സരുണിന്റെ ഓട്ടോറിക്ഷയിൽനിന്ന് കാട്ടിറച്ചി പിടിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
സ്ഥലത്തില്ലാതിരുന്ന സരുണിനെ വിളിച്ചു വരുത്തിയാണ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ദേഹോപദ്രവം ഏൽപ്പിക്കുകയും ഓട്ടോറിക്ഷ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 10 ദിവസത്തിനുശേഷം ജയിലിൽനിന്ന്പുറത്തിറങ്ങിയ സരുൺ കേരള ഉള്ളാട മഹാസഭയുടെ സഹായത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നിയമ പോരാട്ടം തുടങ്ങി.
അന്വേഷണം ആവശ്യപ്പെട്ട് കിഴുക്കാനം ഫോറസ്റ്റ് ഓഫിസിനുമുന്നിൽ സരുണും കുടുംബവും സമരം ചെയ്യുകയും വനം വകുപ്പ് ഓഫീസിനു മുന്നിലെ മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ ഗോത്രവർഗ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു.
വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മിയെ വനം വകുപ്പ് അന്വേഷണത്തിന് ചുമതലപ്പെടുത്തി.
ഇവരുടെ അന്വേഷണത്തിൽ സരുണിനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. സംഭവം ആദിവാസികൾക്കിടയിൽ വനം വകുപ്പിന് അവമതിപ്പുണ്ടാക്കിയെന്നും അവർ റിപ്പോർട്ട് നൽകി. ഇതോടെ ഡിഎഫ്ഒ ഉൾപ്പെടെ 13 പേരെ വനം വകുപ്പ് സസ്പെൻഡ് ചെയ്യുകയും പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ഉപ്പുതറ പോലീസ് കേസെടുക്കുകയും ചെയ്തു.
സുപ്രീം കോടതിയിൽനിന്ന് ജാമ്യം നേടിയ ഡിഎഫ്ഒ ഒഴികെയുള്ള 12 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ വനംവകുപ്പ് പിടിച്ചെടുത്ത മാംസം കാട്ടിറച്ചിയല്ലെന്ന ശാസ്ത്രീയ പരിശോധാന ഫലം വന്നു. തുടർന്ന് സരുണിനെതിരേയെടുത്ത കേസ് വനം വകുപ്പ് പിൻവലിക്കുകയും ചെയ്തു.
നീതി കിട്ടുമെന്ന് സരുൺ
ഉപ്പുതറ: കോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന് സരുൺ സജി പറഞ്ഞു. അടുത്ത കാലം വരെ കേസിൽനിന്ന് പിൻമാറാൻ പ്രലോഭനങ്ങളും ഭീഷണിയും ഉണ്ടായിരുന്നു.
പാവപ്പെട്ട ആദിവാസികളെ കേസിൽ കുടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴും ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വാഹനം തടഞ്ഞുനിർത്തി ആദിവാസിയായ മറ്റൊരു യുവാവിന്റെ ഭക്ഷണപ്പൊതി ഉൾപ്പെടെ പരിശോധിച്ച സംഭവവുമുണ്ടായി. കേരള ഉള്ളാട മഹാസഭയുടെയും സൗജന്യ നിയമ സഹായം നൽകിയ അഭിഭാഷകരുടെയും പിന്തുണ തനിക്കുണ്ടെന്നും ഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സരുൺ പറഞ്ഞു.
10-ാം പ്രതിയെ ചെക്ക് പോസ്റ്റിൽനിന്ന്
മാറ്റണം; ഉള്ളാട മഹാസഭ
ഉപ്പുതറ: സരുൺ സജിയുടെ കേസിലെ പത്താം പ്രതിയായ വാച്ചറെ കിഴുകാനം ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്ന് മാറ്റണമെന്ന് കേരള ഉള്ളാട മഹാസഭ ആവശ്യപ്പെട്ടു.
സസ്പെൻഷനുശേഷം ഇവരെ ഇവിടെത്തന്നെ നിയമിച്ചത് സാക്ഷികളെ സ്വാധീനിക്കാനാണെന്നും അടിയന്തരമായി ഇവരെ സ്ഥലം മാറ്റണമെന്നും കേരള ഉള്ളാട മഹാസഭ സംസ്ഥാന അസി. സെക്രട്ടറി എൻ.ആർ. മോഹനൻ ആവശ്യപ്പെട്ടു.