പോലീസിന്റെ പെറ്റിയടി: പ്രതിഷേധം ശക്തം
1571441
Sunday, June 29, 2025 11:49 PM IST
തൊടുപുഴ: നഗരത്തിൽ പാതയോരങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് അനാവശ്യമായി പെറ്റിയടിക്കുന്ന ട്രാഫിക് പോലീസിനെതിരേ പ്രതിഷേധം ശക്തമായി. തൊടുപുഴ ടൗണിൽ വാഹന പാർക്കിംഗിന് ഏറെ ബുദ്ധിമുട്ട് നേരിടുന്നതിനാൽ വാഹനയുടമകൾ പലപ്പോഴും പാതയോരങ്ങളിൽ വാഹനം പാർക്ക് ചെയ്യേണ്ടി വരും. പലപ്പോഴും വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്നവരാണ് ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നവർക്കാണ് പെറ്റിയുടെ രൂപത്തിൽ ട്രാഫിക് പോലീസിന്റെ ഇരുട്ടടി.
ട്രാഫിക് പോലീസിന്റെ വാഹനത്തിൽ ഇരുന്നുതന്നെ മൊബൈലിൽ ഫോട്ടോയെടുത്ത് ഉടമകൾക്ക് ഗതാഗത നിയമലംഘനം നടത്തിയെന്ന പേരിൽ നോട്ടീസ് അയയ്ക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇത്തരത്തിൽ മൊബൈലിൽ ഫോട്ടോയെടുത്ത് വാഹനയുടമകൾക്ക് പെറ്റിക്കേസ് രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദേശം. എന്നാൽ ഇതു മറികടന്നാണ് ഉടമകൾക്ക് പെറ്റിക്കേസ് നൽകുന്നതെന്നാണ് ആക്ഷേപം. ഒട്ടേറെ പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്രാഫിക് പോലീസിന്റെ പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചത്.
മർച്ചന്റ്സ് അസോസിയേഷൻ
വ്യാപാരികൾ പ്രതിസന്ധിമൂലം നട്ടം തിരിയുന്ന സാഹചര്യത്തിൽ കടയിൽ വരുന്നവരുടെ വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തി പെറ്റിക്കേസ് എടുക്കുന്ന ട്രാഫിക് പോലീസിന്റെ നടപടിക്കെതിരേ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. പോലീസും വ്യാപാരികളും തമ്മിൽ നല്ല ബന്ധമാണ് നിലനിന്നു പോരുന്നത്.
പക്ഷേ ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടി വ്യാപാരികൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി പി.കെ. സാബുവിന് നിവേദനം നൽകി.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കാമെന്നും ഡിവൈഎസ്പി ഉറപ്പ് നൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. നവാസ്, ഭാരവാഹികളായ അനിൽ പീടികപ്പറന്പിൽ, ഷെരീഫ് സർഗം, കെ.പി. ശിവദാസ്, ജോസ് തോമസ് കളരിക്കൽ, എം.എച്ച്. ഷിയാസ്, ലിജോണ്സ് സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.