കെട്ടിടം പൂർത്തിയായിട്ടും കുടുംബക്കോടതി മാറ്റുന്നില്ല
1571434
Sunday, June 29, 2025 11:49 PM IST
തൊടുപുഴ: കുടുംബക്കോടതിക്കായി മുട്ടത്ത് പുതിയ കെട്ടിടം നിർമിച്ചെങ്കിലും ഇവിടേക്കു തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതി മാറ്റാനുള്ള നടപടി വൈകുന്നു. ഒരു വർഷം മുന്‍പ് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെയും കോടതി മാറ്റിസ്ഥാപിക്കാൻ തീരുമാനമായിട്ടില്ല. നിലവിൽ പരിമിതമായ സൗകര്യത്തിൽ മിനി സിവിൽ സ്റ്റേഷന്റെ താഴത്തെ നിലയിലാണ് കുടുംബക്കോടതി പ്രവർത്തിക്കുന്നത്.
2005 ജനുവരി 28 മുതലാണ് തൊടുപുഴ സിവിൽ സ്റ്റേഷനിൽ കുടുംബക്കോടതി പ്രവർത്തനമാരംഭിച്ചത്. ഇവിടെയെത്തുന്നവർ കോടതിക്കു മുന്നിലുള്ള വരാന്തയിലാണ് കൂട്ടംകൂടി നിൽക്കുന്നത്. സബ് ട്രഷറിയും മറ്റ് ഓഫീസുകളും ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നതിനാൽ പലപ്പോഴും വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. കൂടാതെ വാഹനപാർക്കിംഗിനും ഇവിടെ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനു പുറമേ അഭിഭാഷകർക്ക് ഇവിടെ ഹാജരായതിനുശേഷം മുട്ടത്തെ കോടതിയിൽ എത്തേണ്ടി വരും. അതിനാൽ കോടതി മുട്ടത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് അഭിഭാഷകർ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്.
പുതിയ കെട്ടിടനിർമാണത്തിനായി 2018 ജൂലൈ 31-നാണ് 6.50 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാരിൽനിന്ന് ലഭിച്ചത്. 2020 ഒക്ടോബർ 18ന് സാങ്കേതികാനുമതിയും ലഭിച്ചു. 2021 സെപ്റ്റംബറിലാണ് 2,730 ചതുരശ്ര മീറ്റർ വിസ്തീർണമുളള മൂന്നുനില കെട്ടിടം കുടുംബക്കോടതിക്കായി മുട്ടം ജില്ലാക്കോടതി വളപ്പിൽ 6.5 കോടി ചെലവഴിച്ച് നിർമാണം ആരംഭിച്ചത്. ഹൈക്കോടതി ജഡ്ജി സുനിൽ തോമസാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
താഴത്തെ നിലയിൽ വിശാലമായ പാർക്കിംഗ് ഏരിയ, ജനറേറ്റർ സെക്ഷൻ, കോർട്ട് ഹാൾ, ചേംബർ ഹാൾ, ശിരസ്തദാർ റൂം, പോലീസ് ഡ്യൂട്ടി റൂം, മീഡിയേഷൻ ഹാൾ, ലൈബ്രറി, കാത്തിരിപ്പ് കേന്ദ്രം, വിസ്താര സെക്ഷൻ, ടൈപ്പിംഗ് പൂൾ, ടോയ്ലറ്റുകൾ, റാന്പ്, കോണ്‍ഫറൻസ് ഹാൾ, കൗണ്‍സലിംഗ് സെക്ഷൻ, പുരുഷന്മാർക്കും സ്ത്രീകൾക്കും വിശ്രമമുറികൾ, തൊണ്ടിമുറി, സീലേഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിർമാണം പൂർത്തിയാക്കിയ കെട്ടിടം 2024 മേയ് 25ന് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ആഷിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്തു.
എന്നാൽ, ലിഫ്റ്റിന്റെ നിർമാണം പൂർത്തിയാകാത്തതും അഗ്നിരക്ഷാ സേനയുടെ എൻഒസി ലഭിക്കാത്തതുമാണ് കോടതി പ്രവർത്തനമാരംഭിക്കുന്നതിനു തടസമായതെന്നാണ് പറയപ്പെടുന്നത്. ലിഫ്റ്റിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഫയർ എൻഒസി ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി കുടുംബക്കോടതി പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിക്കണമെന്നാണ് ആവശ്യം.
ഇതിനിടെ കോടതി ഇവിടെനിന്നും മാറുന്ന മുറയ്ക്ക് കരിമണ്ണൂരിൽ പ്രവർത്തിക്കുന്ന ഭൂപതിവ് ഓഫീസ് ഇവിടേയ്ക്കു മാറ്റിസ്ഥാപിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
എന്നാൽ കോടതി മുട്ടത്തേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാത്തതിനാൽ കളക്ടറുടെ ഉത്തരവുണ്ടായിട്ടും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഭൂപതിവ് ഓഫീസ് മാറ്റാനായിട്ടില്ല. ഭൂപതിവ് ഓഫീസ് തൊടുപുഴയിലേക്ക് മാറ്റണമെന്നത് പട്ടയ അപേക്ഷകരുടെ ഏറെ നാളത്തെ ആവശ്യമാണ്.