മൂന്നാർ ബസിലിക്കയിൽ ഇതരസംസ്ഥാന തൊളിലാളികൾക്കായി പ്രത്യേക ശുശ്രൂഷ
1571737
Monday, June 30, 2025 11:59 PM IST
മൂന്നാർ: മൗണ്ട് കാർമൽ ബസിലിക്കിയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ശുശ്രൂഷ ആരംഭിച്ചു. ജില്ലയിൽ ആദ്യമായാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കു മാത്രമായി ശുശ്രൂഷകൾ നടത്തുന്നത്. വിജയപുരം രൂപത മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഹിന്ദി ഭാഷയിൽ വിശുദ്ധകുർബാനയില്ലാത്തതു മൂലം നൂറു കണക്കിനുഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇതിനുള്ള അവസരം ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് തൊഴിലാളികൾക്കായി ശുശ്രൂഷകൾ ആരംഭിച്ചത്. പാഷനിസ്റ്റ് വൈദികനായ ഫാ. ക്രിസ്തുദാസ് ഹിന്ദിയിൽ വിശുദ്ധകുർബാന അർപ്പിച്ചു. തുടർന്നു സ്നേഹവിരുന്നും പ്രത്യേക സമ്മാനങ്ങളും നൽകി.
നൂറുകണക്കിന് തൊഴിലാളികൾ ശുശ്രൂഷകളിൽ പങ്കെടുത്തു. കെഡിഎച്ച്പി കന്പനിയുടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യുന്നതിനായി അന്യസംസ്ഥാനങ്ങളിൽനിന്നു നിരവധി തൊഴിലാളികളാണ് ഇവിടെയെത്തുന്നത്. ഫാ. ലിജോ ലോറൻസ്, സിസ്റ്റർ സുവർണ എന്നിവർ പ്രസംഗിച്ചു.ഇതരസംസ്ഥാന തൊഴിലാളികളുടെ ആത്മീയ ശുശ്രൂഷകൾക്ക് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ അറിയിച്ചു.