മണക്കാട് വില്ലേജ് ഓഫീസ് ഇനി സ്മാർട്ട്
1571732
Monday, June 30, 2025 11:59 PM IST
തൊടുപുഴ: വിവിധ ആവശ്യങ്ങൾക്കായി മണക്കാട് വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ഇനി സേവനങ്ങൾ കൂടുതൽ സ്മാർട്ടായി ലഭിക്കും. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച മണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.രാജൻ ഓണ്‍ ലൈനായി നിർവഹിക്കും. പ്ലാൻ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചത്.
പുതിയ കെട്ടിടത്തിൽ പ്രത്യേക കാബിനുകൾ, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങൾക്കുള്ള വിശ്രമമുറി, റിക്കാർഡ് റൂം, ജീവനക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ഭിന്നശേഷിക്കാർക്കായി റാന്പോട് കൂടിയ വരാന്ത എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യോഗത്തിൽ പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, കളക്ടർ വി. വിഗ്നേശ്വരി, തൊടുപുഴ നഗരസഭ ചെയർമാൻ കെ. ദീപക്, എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അനുപ് ഗാർഗ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ജേക്കബ് എന്നിവർ പ്രസംഗിക്കും.