കരിമണ്ണൂർ പഞ്ചാ. വൈസ് പ്രസിഡന്റ് രാജിവയ്ക്കണം: യുഡിഎഫ്
1571727
Monday, June 30, 2025 11:59 PM IST
കരിമണ്ണൂർ: പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പിന്തുണയ്ക്കാത്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പള്ളിൽ രാജി വയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. 14 അംഗ ഭരണസമിതിയിൽ യുഡിഎഫിലെ ഏഴംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.എൽഡിഎഫ് മെംബർമാരും യുഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റായ ലിയോ കുന്നപ്പിള്ളിയും യോഗത്തിൽ പങ്കെടുത്തില്ല.
യുഡിഎഫ് മെംബർമാരായ ബൈജു വറുവങ്കൽ, എ.എൻ. ദിലീപ് കുമാർ, ആൻസി സിറിയക്ക്, ബിബിൻ അഗസ്റ്റിൻ, ടെസി വിൽസണ്‍, ഷേർലി സെബാസ്റ്റ്യൻ, ജീസ് ആയത്തുപാടം എന്നിവരാണ് യോഗത്തിനെത്തിയത്. ഭരണസമിതിയിൽ അവിശ്വാസം പാസാകുന്നതിന് എട്ടംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ലിയോ കുന്നപ്പള്ളി പ്രമേയത്തെ അനുകൂലിക്കുമെന്നുള്ള വിശ്വാസത്തിലാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
എന്നാൽ, ലിയോ കുന്നപ്പിള്ളി അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കുന്പോൾ ആ യോഗത്തിൽ പങ്കെടുക്കുകയോ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയോ ചെയ്തില്ല .ഇത് അദ്ദേഹം യുഡിഎഫിനോട് കാണിച്ച കൊടും വഞ്ചനയാണ്. യുഡിഎഫിന്റെ പിന്തുണയിൽ വൈസ് പ്രസിഡന്റായി തുടരുന്ന അദ്ദേഹം രാജിവയ്ക്കണമെന്ന് കരിമണ്ണൂർ മണ്ഡലം ചെയർമാൻ പോൾ കുഴിപ്പിള്ളിൽ, കണ്‍വീനർ ടി.കെ. നാസർ, സെക്രട്ടറി സക്കീർ എന്നിവർ ആവശ്യപ്പെട്ടു.