അശരണർക്ക് കരുതലാകണം: മാർ പുളിക്കൽ
1571167
Sunday, June 29, 2025 3:38 AM IST
കാളിയാർ: സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്കും അശരണർക്കും കാവലും കരുതലുമാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ ജോസ് പുളിക്കൽ. കാളിയാർ സെന്റ് റീത്താസ് പാരിഷ് ഹാളിൽ കോതമംഗലം രൂപതാ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ രൂപതാദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി നാം മാറണം. വർഗീയതയും ലഹരിവസ്തുക്കളുടെ ഉപയോഗവും വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഇതിനെതിരേ ഒന്നിച്ചുനിന്ന് പോരാടണം.
വന്യമൃഗ ആക്രമണം വർധിക്കുന്പോൾ കുടിയേറ്റ ജനതയെ സംരക്ഷിക്കാൻ ഒരുമിച്ചുനിൽക്കണം. മറ്റുള്ളവരുടെ വേദനയിൽ പങ്കുപറ്റുന്നതിനൊപ്പം അവരെ വളർത്തുന്നവരായും നാം മാറണം. വിശുദ്ധ കുർബാനയിൽനിന്നും ശക്തി സ്വീകരിച്ച് കൂട്ടായ്മയിൽ വളർന്നാലേ ഇതിനു കഴിയൂ എന്ന് ബിഷപ് പറഞ്ഞു. വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ, ആരോഗ്യ, ജീവകാരുണ്യ മേഖലയിൽ കോതമംഗലം രൂപത ചെയ്യുന്ന സേവനങ്ങൾ അമൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.