യാത്രക്കാർക്ക് ദുരിതമായി റോഡിലെ വെളളക്കെട്ട്
1570850
Friday, June 27, 2025 11:46 PM IST
തൊടുപുഴ: ഇടവെട്ടി - തെക്കുംഭാഗം പിഡബ്ല്യുഡി റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. ഇടവെട്ടി പെട്രോൾ പന്പിന് സമീപത്ത് റോഡ് തുടങ്ങുന്ന ഭാഗത്തുനിന്നു 100 മീറ്റർ പിന്നിടുന്പോഴാണ് റോഡ് വെളളത്തിൽ മുങ്ങുന്നത്. സമീപവാസി വഴിയോരം അനധികൃതമായി കെട്ടിയടച്ചതോടെ വെള്ളം ഒഴുകിപ്പോകാത്തതാണ് നൂറുകണക്കിന് ആളുകളെ വലയ്ക്കുന്ന വെള്ളക്കെട്ടിനു കാരണമായത്.
വിദ്യാർഥികളടക്കമുളള കാൽനടക്കാർക്കും സ്കൂൾ ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾക്കും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടാണ്. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. ജനപ്രതിനിധികളെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്. വെള്ളക്കെട്ടിന് കാരണമായ അനധികൃത കെട്ട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി.