അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്‍പ്പെടുന്ന കൈതച്ചാല്‍ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി. കൂട്ടമായി ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ കൃഷിഭൂമിയില്‍ വ്യാപക നാശം വരുത്തി.

കായ്ഫലമുള്ള ജാതി, ഏലം, കമുക്, വാഴ തുടങ്ങിയവ കാട്ടാനകള്‍ നശിപ്പിച്ചു. സ്ഥിരമായി കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്ന സ്ഥിതിയായതോടെ ജനങ്ങളുടെ ജീവിതം ദുഃസഹമായി. വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശത്ത് കിടങ്ങ് തീര്‍ത്ത് കാട്ടാനശല്യം പ്രതിരോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കാട്ടാന കൃഷിയിടത്തില്‍ നാശം വരുത്തിയതിനെ തുടര്‍ന്ന് പനംകുട്ടി ഡെപ്യൂട്ടി റെയിഞ്ചോഫീസിലെ എസ്എഫ്ഒ ബാബു രാജിന്‍റെ നേത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പഞ്ചായത്തംഗം റോയി പാലക്കല്‍, മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോ- ഓര്‍ഡിനേഷനംഗം കെ. ബുള്‍ബേന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.