മരത്തിനു മുകളിൽ കുടുങ്ങിപ്പോയ യുവാവിന് ഫയർഫോഴ്സ് രക്ഷകരായി
1569790
Monday, June 23, 2025 11:35 PM IST
നെടുങ്കണ്ടം: മരം മുറിക്കുന്നതിനിടെ മരത്തിനു മുകളിൽ രണ്ടു മരങ്ങൾക്കിടയിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. കോമ്പയാര്‍ സ്വദേശി ഇല്ലിമൂട്ടില്‍ രാജേഷാണ് (45) അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ കോമ്പയാറിലെ സ്വകാര്യ കൃഷിഭൂമിയിലാണ് അപകടം.
കൃഷിയിടത്തില്‍ ചാഞ്ഞുനിന്ന കാറ്റാടിമരം മുറിച്ചുമാറ്റുന്നതിനായി സമീപത്തുനിന്നിരുന്ന പ്ലാവിൽ കയറി ശിഖരങ്ങൾ മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറ്റാടിമരം രാജേഷ് കയറിനിന്ന പ്ലാവിന്റെ മുകളിലേക്ക് ചെരിയുകയായിരുന്നു.
ഇതോടെ രാജേഷ് രണ്ടു മരങ്ങള്ക്കുമിടയിലായി അമര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ച് സ്ഥലത്തെത്തിയ നെടങ്കണ്ടം അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ചാഞ്ഞുനിന്ന മരത്തില്‍ വടം കെട്ടിവലിച്ചാണ് രാജേഷിനെ മരങ്ങള്‍ക്കിടയില്‍നിന്നു രക്ഷിച്ചത്. തുടർന്ന് മറ്റൊരു വടത്തില്‍ ബന്ധിപ്പിച്ച് രാജേഷിനെ താഴെയിറക്കി. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ചെറിയ മുറിവുകള്‍ അല്ലാതെ മറ്റു പരിക്കുകള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.